ക്രൈം

ഭിക്ഷയാചിച്ചെത്തിയ വയോധികയെ വീടിനുള്ളില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചു; പോലീസുകാരനും സുഹൃത്തും പിടിയിൽ

തിരുവനന്തപുരം: പൂവച്ചലില്‍ ഭിക്ഷയാചിച്ച്‌ റോഡില്‍നിന്ന വയോധികയെ പണം കൊടുക്കാമെന്ന് പ്രലോഭിപ്പിച്ച്‌ വീടിനുള്ളില്‍ വിളിച്ചുകയറ്റി ഉപദ്രവിച്ചു. സംഭവത്തില്‍ പോലീസുകാരനും സുഹൃത്തും അറസ്റ്റിലായി.

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പൂവച്ചല്‍ പാലേലി മണലിവിള വീട്ടില്‍ ലാലു (41), സുഹൃത്ത് കുറ്റിച്ചല്‍ മേലെമുക്ക് സിതാര ഭവനില്‍ സജിൻ (44) എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.

90 വയസ്സുള്ള സ്ത്രീയെയാണ് പൂവച്ചല്‍ യു.പി. സ്കൂളിന് സമീപം സജിന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെ പൂട്ടിയിട്ടത്. മദ്യലഹരിയില്‍ ആയിരുന്നു പ്രതികള്‍. വീടിനുള്ളില്‍ പൂട്ടിയിട്ടതോടെ വയോധിക ബഹളംവെച്ചു. നിലവിളികേട്ട് നാട്ടുകാർ എത്തിയെങ്കിലും ഇവരെ പുറത്തുവിടാൻ പൂട്ടിയിട്ടവർ തയ്യാറായില്ല. ഇതോടെ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കാട്ടാക്കട പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.

പോലീസ് പരിശോധനയില്‍ വീട്ടിലെ മൂന്ന് കസേരകള്‍ അടിച്ചുപൊട്ടിച്ച നിലയില്‍ കണ്ടെത്തി. പിടിവലി നടന്നതിന്റെ ലക്ഷണവും വീട്ടിലുണ്ടായിരുന്നു. പ്രതികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും കോടതിയില്‍ ഹാജരാക്കുമെന്നും കാട്ടാക്കട ഡിവൈ.എസ്.പി. എൻ. ഷിബു അറിയിച്ചു.

Leave A Comment