ക്രൈം

നൂറ്റിനാൽപത് കിലോ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി ഒളിവിൽ പോയ കൊടുംക്രിമിനൽ പിടിയിൽ

ചാലക്കുടി: 2020 വർഷത്തിൽ മീൻവണ്ടിയിൽ കടത്തിയ 140 കിലോ കഞ്ചാവ് പിടിച്ചെടുത്തതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പത്ത് വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിക്കപ്പെട്ട് ജയിലിലടക്കപ്പെട്ട് പിന്നീട് പരോളിലിറങ്ങി രണ്ട് വർഷത്തോളമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ആലുവ തായിക്കാട്ടുകര സ്വദേശി കരിപ്പായി വീട്ടിൽ ഷഫീഖിനെയാണ് (കടുവ ഷഫീഖ്– 36) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

2020 ഓഗസ്റ്റ് 12 നാണ് ചാലക്കുടി കോടതി ജംക്ഷനു സമീപം കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് പിടികൂടിയ സമയം ഡ്രൈവറായിരുന്ന അരുൺകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഷഫീക്കിനെ കുറിച്ച് വിവരം കിട്ടി ഈ കേസിലേക്ക് പ്രതിയാക്കിയത്. വിസ്താരത്തിനൊടുവിൽ 2021 ൽ ഷഫീഖിനെയും കൂട്ടാളികളേയും തൃശൂർ അഡീഷണൽ അസിസ്റ്റന്റ് സെഷൻ കോടതിയാണ് ശിക്ഷ വിധിച്ചത്. കണ്ണൂർ സെൻട്രൻ ജയിലിൽ കഴിയവേ ഏതാനും നാളുകൾക്കകം ഇയാൾ പരോളിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു.

ഇയാളെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി ഒളിവിൽ കഴിയുകയായിരുന്ന ഷഫീഖിനെ ആലുവയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പോലീസ് സംഘത്തെ കണ്ട് കാർ വെട്ടിച്ച് അമിത വേഗത്തിൽ പാഞ്ഞ ഷഫീഖിനെ സിനിമാ സ്റ്റൈലിൽ പിന്തുടർന്നതിനാൽ കാറിൽ നിന്നും ചതുപ്പിൽ ചാടി രക്ഷപെടാൻ ശ്രമിക്കവേ ആലുവ പോലീസ് അടക്കമുള്ളവർ ക്ഷുദ്രജീവികളേയും വിഷപ്പാമ്പുകളേയും വക വയ്ക്കാതെ ചതുപ്പിൽ ചാടിയാണ് ഷഫീഖിനെ അതിസാഹസീകമായി പിടികൂടിയത്.

 ആക്രമണവും മോഷണവും അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഷഫീക്ക്. 

 എസ്ഐ സ്റ്റീഫൻ വി.ജി, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, എഎസ്ഐ വി.യു. സിൽജോ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Leave A Comment