ക്രൈം

അതിരപ്പിള്ളിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

ചാലക്കുടി: അതിരപ്പിള്ളിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. അതിരപ്പിള്ളി വില്ലേജ് ഓഫീസർ കെ എൽ ജൂഡ് ആണ് പിടിയിലായത്. ആർ ഓ ആർ സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് ഇയാൾ 3,000 രൂപ കൈക്കൂലി വാങ്ങിയത്.

 രണ്ടുദിവസം മുൻപ് പരാതിക്കാരൻ ആർ ഒ ആർ സർട്ടിഫിക്കറ്റിനായി ഇയാളെ   സമീപിച്ചിരുന്നു. സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 3,000 രൂപ കൈക്കൂലി വേണമെന്ന് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടു. ഇതോടെ പരാതിക്കാരൻ തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിനെ സമീപിക്കുകയായിരുന്നു. വിജിലൻസിന്റെ നിർദ്ദേശപ്രകാരം ഇന്ന് രാവിലെ പരാതിക്കാരൻ വില്ലേജ് ഓഫീസറെയും കൂട്ടി വാഹനത്തിൽ സ്ഥല പരിശോധനയ്ക്ക് പോയി. തിരികെ ഓഫീസിലെത്തിയതോടെ പരാതിക്കാരനിൽ നിന്നും 3,000 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. പുറകെ എത്തിയ വിജിലൻസ് സംഘത്തിനെ കണ്ട് വില്ലേജ് ഓഫീസർ പണം സോക്സിനുള്ളിൽ ഒളിപ്പിച്ചു. ഒടുവിൽ ദേഹ പരിശോധനയിലാണ് കൈക്കൂലി പണം കണ്ടെടുത്തത്.  

ജൂഡ് നേരത്തെയും കൈക്കൂലി കേസിൽ പിടിയിലായിട്ടുണ്ട്. കാസറഗോഡ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഇയാൾ  ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഇപ്പോൾ  വീണ്ടും  കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.

Leave A Comment