ക്രൈം

ഗൈഡ് ബിയറിൽ നാടൻ മദ്യം കലർത്തി; ബോധം പോയെന്ന് ഫ്രഞ്ച് വനിത, വസ്ത്രങ്ങളില്ല, വയറുവേദനയും

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഫ്രഞ്ച് വനിതയെ മദ്യം നല്‍കി ബോധരഹിതയാക്കിയെന്ന പരാതിയില്‍ ടൂറിസ്റ്റ് ഗൈഡ് അറസ്റ്റില്‍. വാരണാസിയില്‍ വിനോദയാത്രയ്‌ക്കെത്തിയ ഫ്രഞ്ച് വനിതയുടെ പരാതിയിലാണ് ടൂറിസ്റ്റ് ഗൈഡാണെന്ന് അവകാശപ്പെടുന്ന മുകേഷ് റസ്‌ത്തോഗിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ചയാണ് ഫ്രഞ്ച് യുവതി ബേലുപുര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. ഗൈഡാണെന്ന് പരിചയപ്പെടുത്തി ഒപ്പംകൂടിയ യുവാവ് ബിയര്‍ കുടിക്കാന്‍ നല്‍കിയെന്നും ഇത് കുടിച്ചതോടെ താന്‍ അബോധാവസ്ഥയിലായെന്നുമാണ് പരാതിയിലുണ്ടായിരുന്നത്. പിന്നീട് ബോധം വന്നപ്പോള്‍ താമസിച്ച ഗസ്റ്റ് ഹൗസിലെ കിടക്കയില്‍ നഗ്നയായനിലയിലായിരുന്നു. മാത്രമല്ല, കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടെന്നും തുടര്‍ന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടിയെന്നും യുവതി പറഞ്ഞിരുന്നു.

വാരണാസിയില്‍ എത്തിയതിന് പിന്നാലെയാണ് ഗൈഡാണെന്ന് അവകാശപ്പെടുന്ന മുകേഷിനെ ഫ്രഞ്ച് യുവതി പരിചയപ്പെട്ടത്. ഇയാള്‍ പലസ്ഥലങ്ങളിലും യുവതിയെ കൊണ്ടുപോയി. തുടര്‍ന്ന് മൂന്നാംദിവസം രാത്രിയാണ് ഒരു റെസ്റ്റോറന്റിലേക്ക് കൊണ്ടുപോയത്. ഇവിടെവെച്ച് ഇയാള്‍ ബിയര്‍ നല്‍കിയെന്നും പിന്നീട് ഇതില്‍ നാടന്‍ മദ്യം കലര്‍ത്തിയെന്നും ഇത് കുടിച്ചതോടെയാണ് ബോധരഹിതയായെന്നും യുവതിയുടെ പരാതിയിലുണ്ടായിരുന്നു.

Leave A Comment