പേവിഷബാധയേറ്റുള്ള വയോധികയുടെ മരണം :നിരീക്ഷണത്തിലായിരുന്ന വളർത്തുനായ ചത്തു
തൃശൂർ : പേവിഷബാധയേറ്റ് ആദിവാസി സ്ത്രീ മരിച്ചതിനെ തുടർന്ന് ചിമ്മിനിയിൽ നിരീക്ഷണത്തിലായിരുന്ന വളർത്തുനായ ചത്തു. നായ ഒരാഴ്ചയോളമായി ഭക്ഷണം കഴിക്കാതിരുന്നതോടെയാണ് നിരീക്ഷണത്തിലാക്കിയത്. വനം വകുപ്പ് ജീവനക്കാരന്റെ വീട്ടിൽ വളർത്തിയിരുന്ന നായക്ക് ഒരു മാസം മുമ്പാണ് തെരുവുനായുടെ കടിയേറ്റത്.
നിരീക്ഷണത്തിലിരിക്കെ ഒരാഴ്ച മുമ്പ് കെട്ടഴിഞ്ഞ് പോയ നായ നിരവധി തെരുവുനായ്ക്കളെ കടിച്ചത് ആശങ്ക പരത്തുന്നുണ്ട്. പാലപ്പിള്ളി, ചിമ്മിനി, എച്ചിപ്പാറ മേഖലയിലെ തോട്ടങ്ങളിൽ മേഞ്ഞു നടക്കുന്ന പശുക്കൾക്കും നായുടെ കടിയേറ്റതായി പറയുന്നു.
കഴിഞ്ഞ ദിവസം നടാമ്പാടം ആദിവാസി കോളനിയിലെ മനയ്ക്കൽ പാറു (60) പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവർക്ക് നായുടെ കടിയേറ്റ സമയത്തുതന്നെയാണ് ഇപ്പോൾ ചത്ത വളർത്തുനായക്കും കിടയേറ്റതെന്ന് കരുതുന്നു.
വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ചിമ്മിനി ആനപ്പോരിൽ വെച്ചാണ് പാറുവിന് കൂടെയുണ്ടായിരുന്ന നായുടെ കടിയേറ്റത്. ഈ നായ ദിവസങ്ങൾക്ക് മുമ്പേ ചത്തുപോയതായി പാറുവിനൊപ്പമുണ്ടായിരുന്ന ആനപ്പന്തം ശാസ്താംപൂവ്വം കോളനിയിലെ വാസു പറഞ്ഞു.
മരിച്ച പാറുവിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കു കൂടി ബുധനാഴ്ച ആരോഗ്യ വകുപ്പ് വാക്സിൻ നൽകി. ചിമ്മിനി എച്ചിപ്പാറ മേഖലയിലെ വീടുകളിൽ വകുപ്പ് അധികൃതർ ബോധവൽക്കരണം നടത്തുകയും വളർത്തുമൃഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
Leave A Comment