ജില്ലാ വാർത്ത

കത്തു വിവാദത്തില്‍ മൊഴി നല്‍കിയെന്ന ആനാവൂരിന്റെ വാദം തള്ളി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം:കോര്‍പറേഷനിലെ നിയമന കത്തു വിവാദത്തില്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയെന്നു സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതു ശരിയല്ലെന്നു കൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. മൊഴി നല്‍കാന്‍ ആനാവൂര്‍ സമയം നല്‍കുന്നില്ലെന്ന് കൈംബ്രാഞ്ച് വൃത്തങ്ങള്‍ ആവര്‍ത്തിച്ചു.

മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടു ബുധനാഴ്ച രാത്രി ക്രൈംബ്രാഞ്ച് സംഘം ആനാവൂരിനെ ഫോണില്‍ വിളിച്ചിരുന്നു. പാര്‍ട്ടിക്കാര്യങ്ങളില്‍ തിരക്കിലാണെന്നും കത്തു കണ്ടിട്ടില്ലെന്നും ആനാവൂര്‍ പറഞ്ഞു. മാധ്യമങ്ങളില്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും ഫോണിലൂടെ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണമെന്നാണ് അദ്ദേഹം ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടെന്നാണ് വിവരം. പക്ഷേ, ഇതു ക്രൈംബ്രാഞ്ച് അംഗീകരിച്ചതായി സൂചനയില്ല.

കത്തു വിവാദത്തില്‍, പാര്‍ട്ടി അന്വേഷണം ഉടന്‍ നടത്തുമെന്നു ആനാവൂര്‍ മാധ്യമങ്ങളോടു പറഞ്ഞു. ”മേയറെ വ്യക്തിഹത്യ നടത്തുകയാണ്. നിര്‍ധനയായ പെണ്‍കുട്ടിയെ അപമാനിക്കാനാണ് ശ്രമം. മാധ്യമങ്ങള്‍ അതിനു കൂട്ടു നില്‍ക്കുന്നു. മേയറെക്കുറിച്ച് നയാപൈസയുടെ അഴിമതി ആരോപിക്കാനാകുമോ?”-ആനാവൂര്‍ ചോദിച്ചു.

Leave A Comment