ജില്ലാ വാർത്ത

ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടമെന്ന് വ്യാജ സന്ദേശം; പാഞ്ഞെത്തിയത് ആറ് ആംബുലന്‍സുകള്‍

തൃശൂര്‍: കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരുക്കേറ്റെന്ന് വ്യാജ സന്ദേശം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്. 

ആംബുലന്‍സ് ഡ്രൈവര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളിലേക്കാണ് വ്യാജ സന്ദേശം എത്തിയത്. വിവരം സത്യമാണെന്ന് ധരിച്ച് നിമിഷങ്ങള്‍ക്കകം കേച്ചേരി പുഴയുടെ സമീപത്തേക്ക് ആറ് ആംബുലന്‍സുകള്‍ പാഞ്ഞെത്തുകയും ചെയ്തു. 

കുന്നംകുളത്ത് നിന്നുള്ള നന്മ ചാരിറ്റബിള്‍ ട്രസ്റ്റ്, സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സ്, ഷെയര്‍ ആന്‍ഡ് കെയര്‍, ഹ്യൂമണ്‍ ലവേഴ്‌സ്, ട്രാഫിക് തുടങ്ങിയ ആംബുലന്‍സുകളാണ് സംഭവസ്ഥലത്ത് എത്തിയത്. 

സ്ഥലത്തെത്തിയപ്പോഴാണ് വ്യാജ സന്ദേശമെന്ന് മനസിലായതെന്നും വ്യാജ വിവരം നല്‍കിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അറിയിച്ചു.

Leave A Comment