ജില്ലാ വാർത്ത

ചില്ലറ നൽകാത്തതിനെ തുടർന്ന് തർക്കം; വയോധികനെ ബസിൽ നിന്ന് ചവിട്ടി വീഴ്ത്തിയെന്ന് പരാതി

തൃശ്ശൂർ: തൃശ്ശൂരിൽ കരുവന്നൂര്‍ പുത്തന്‍തോട് വച്ച് സ്വകാര്യ ബസില്‍ നിന്നും വയോധികനെ ചവിട്ടിയിട്ടതായി പരാതി. തൃശ്ശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് വരുകയായിരുന്ന ശാസ്ത എന്ന ബസിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. 

കരുവന്നൂര്‍ എട്ടുമന സ്വദേശിയായ മുറ്റിച്ചൂര്‍ വീട്ടില്‍ പവിത്രന്‍ എന്ന 68 വയസ്സുക്കാരനാണ് സംഭവത്തിൽ പരിക്കേറ്റത്. ചില്ലറ നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത് എന്ന് യാത്രികരും നാട്ടുകാരും പറയുന്നു.

പുത്തന്‍തോട് ബസ് സ്‌റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ ബസിലെ കണ്ടക്ടറായ ഊരകം സ്വദേശി കടുകപറമ്പില്‍ രതീഷ് ചവിട്ടി. തുടര്‍ന്ന് പവിത്രന്‍ റോഡിലേയ്ക്ക് തലയടിച്ച് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ബസ് തടഞ്ഞിട്ട് പ്രതിഷേധിച്ചു. 

പവിത്രനെ മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. ബസ് ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Leave A Comment