ജില്ലാ വാർത്ത

'ആകാശ് തില്ലങ്കേരിക്ക് ട്രോഫി നല്‍കിയത് പരിപാടി അലങ്കോലമാകാതിരിക്കാനെന്ന് എം.ഷാജര്‍

കണ്ണൂർ: ആകാശ് തില്ലങ്കേരിക്ക് ട്രോഫി നല്‍കിയതില്‍ വിശദീകരണവുമായി ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.ഷാജര്‍. സമ്മാനം നല്‍കില്ലെന്ന് സംഘാടകരോട് പറഞ്ഞിരുന്നു. പരിപാടി അലങ്കോലമാകാതിരിക്കാനാണ് ട്രോഫി നല്‍കിയത് . കളങ്കിതനായ വ്യക്തിതന്നെ ഫൊട്ടോ പലര്‍ക്കും അയച്ചുനല്‍കി. ക്വട്ടേഷന്‍–ലഹരി മാഫിയകള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും എം.ഷാജര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തില്ലങ്കേരി പ്രിമിയർ ക്രിക്കറ്റ് ലീഗ് ടൂർണമെന്റിന്റെ സമ്മാന വിതരണ ചടങ്ങിൽ ആകാശ് തില്ലങ്കേരിയുമായി ഷാജർ വേദി പങ്കിട്ടത് വിവാദമായിരുന്നു.



ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

തില്ലങ്കേരി വഞ്ഞേരിയില്‍ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് വ്യക്തിപരമായി എന്നെയും,ഡിവൈഎഫ്‌ഐയെയും ആസൂത്രിതമായി താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളും പാര്‍ട്ടി വിരുദ്ധരായ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും നടത്തിക്കൊണ്ടിരിക്കുന്നത്.നടന്ന സംഭവത്തിന്റെ യാഥാര്‍ത്ഥ്യം ക്ലബ്ബ് ഭാരവാഹികളും പ്രാദേശിക പാര്‍ട്ടി നേതൃത്വവും വിശദീകരിച്ചിട്ടുണ്ട്. ലഹരി ക്വട്ടേഷന്‍ മാഫിയയ്‌ക്കെതി സന്ധിയില്ലാത്ത നിലപാടുകള്‍ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ഇത്തരം വിപത്തുകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ പ്രിയപ്പെട്ട രണ്ട് സഖാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ട് ഒരു മാസം പോലും തികഞ്ഞിട്ടില്ല.

തില്ലങ്കേരിയിലെ സികെജി സ്മാരക ക്ലബ്ബിന്റെ ആറാം വാർഷികാഘോഷ പരിപാടിയില്‍ ഉദ്ഘാടകനായാണ് എന്നെ ക്ഷണിച്ചത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞു ഇറങ്ങാൻ പോകുമ്പോൾ കേരളോത്സവത്തില്‍ പങ്കെടുത്ത് വിജയിച്ച ക്ലബ്ബ് അംഗങ്ങള്‍ക്കും വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കും സമ്മാനം നല്‍കാന്‍ കൂടെ സംഘാടകര്‍ എന്നോട് ആവശ്യപ്പെട്ടു.
ഇതിനിടയിലാണ് പരിപാടിയുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു മത്സരത്തിലെ വിജയികള്‍ക്ക് കൂടെ സമ്മാനം നല്‍കുന്നതിനായി അനൗണ്‍സ് ചെയ്യുന്നത്. ആ അവസരം ദുരുപയോഗം ചെയ്യപ്പെടും എന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ സമ്മാനം നല്‍കില്ലെന്ന് പറഞ്ഞിരുന്നു.എന്നാൽ പരിപാടി അലങ്കോലമാകാതിരിക്കാൻ സംഘാടകരുടെ ആവശ്യം മാനിച്ചു കൊണ്ടാണ് സമ്മാനം വിതരണം ചെയ്തത്.

പാര്‍ട്ടിയെയും പാര്‍ട്ടി അടയാളങ്ങളെയുമെല്ലാം സ്വാര്‍ത്ഥ ലാഭത്തിനായി മാത്രം ഉപയോഗിച്ച് ശീലിച്ച കച്ചവട ബുദ്ധികള്‍ ആ അവസരം മുതലെടുത്തു.പ്രദേശത്തെ അഭിപ്രായം പോലും മാനിക്കാതെ കളങ്കിതനായ വ്യക്തി തന്നെ പലർക്കും ഫോട്ടോ അയച്ച് കൊടുക്കുന്നു.നേരത്തെ നിശ്ചയിച്ചുവച്ചതുപോലെ നിമിഷ നേരങ്ങള്‍കൊണ്ട് ചിലർ സാമൂഹ്യ മാധ്യമങ്ങളില്‍ വാഴ്ത്ത്പാട്ടുകള്‍ തുടങ്ങി. മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്താ തലക്കെട്ടുകളായി.ഇടതുപക്ഷത്തിനെതിരെയാണെങ്കില്‍ എന്തും വാര്‍ത്തയാവുന്നകാലത്ത് അതില്‍ അതിശയോക്തിയില്ല എന്നാലും അഭ്യസ്ത വിദ്യരായ മലയാളികള്‍ കുറേക്കൂടെ ഗുണപരമായൊരു മാധ്യമ സംസ്‌കാരം അര്‍ഹിക്കുന്നവരാണ്.

പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്തേണ്ട ക്വട്ടേഷന്‍ ലഹരിമാഫിയാ സംഘങ്ങള്‍ക്ക് പ്രചാരവേല നടത്താനുള്ള ചുമതല മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന പ്രവണത ദുഃഖകരമാണ്.
രാത്രി ഒരുമണിയോടടുത്ത് വിഷയത്തില്‍ പ്രതികരണം തേടിയ ഏഷ്യാനെറ്റിന്റെ കണ്ണൂര്‍ റിപ്പോര്‍ട്ടറോട് (ഉറക്കത്തിൽ ആയതിനാൽ) രാവിലെ വിഷയം നോക്കി പ്രതികരിക്കാമെന്നായിരുന്നു എന്റെ മറുപടി.

ഇതിനെ,പ്രതികരിക്കാതെ എം ഷാജര്‍ എന്നാക്കി ഏഷ്യാനെറ്റിലെ ‘നമസ്തേ കേരളത്തിൽ’റിപ്പോർട്ട് ചെയ്തത് ഏത് തരം മാധ്യമ ധര്‍മമാണ്.പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കള്‍ മനസിലാക്കേണ്ടത് അന്ധമായ ഇടതുപക്ഷ വിരോധം കൊണ്ട് ക്വട്ടേഷന്‍ ലഹരി മാഫിയയുടെ പ്രചാരകരായി നിങ്ങളോരോരുത്തരും സ്വയം മാറ്റപ്പെടുകയാണ്.മാധ്യമങ്ങൾക്ക് ലഹരി കള്ളക്കടത്തു മാഫിയാ സംഘങ്ങൾ മിത്രങ്ങളും,ഇവർക്കെതിരെ പോരാടുന്ന ഡിവൈഎഫ്ഐയെ ശത്രു പക്ഷത്തും നിർത്തുകയാണ്.അതാത് കാലത്തെ സാമൂഹ്യ തിന്‍മകള്‍ക്കെതിരെ എല്ലാകാലത്തും പോരാടിയവരാണ് ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ-പുരോഗമന യുവജ പ്രസ്ഥാനങ്ങള്‍.പുതിയ കാലത്തെ സാമൂഹിക വെല്ലുവിളികളില്‍ എറ്റവും പ്രധാനമാണ് ലഹരി ക്വട്ടേഷന്‍ മാഫിയകള്‍.കാശുണ്ടാക്കുകയെന്നത് മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം ഏത് നീചമയ മാര്‍ഗവും അവരതിന് ഉപയോഗിക്കും,ഏത് കൂട്ടുകെട്ടും അവരതിനായി ഉണ്ടാക്കിയെടുക്കും. നിലനില്‍പ്പിന്റെ രാഷ്ട്രീയം മാത്രമാണ് ഇവരുടെ കൈമുതല്‍.

കണ്ണൂരിലും കേരളത്തിലാകമാനവും ലഹരി-ക്വട്ടേഷന്‍ മാഫിയകള്‍ക്കെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചത് ഡിവൈഎഫ്‌ഐയാണ്. അതുകൊണ്ട് തന്നെ കിട്ടുന്ന അവസരങ്ങളിലെല്ലാം അത്തരക്കാര്‍ ഡിവൈഎഫ്‌ഐയെ അക്രമിക്കാന്‍ തയ്യാറാവുന്നതും സ്വാഭാവികം എന്നാല്‍ മാധ്യമങ്ങള്‍ ഇത്തരക്കാര്‍ക്കൊപ്പം കൂടുന്നത് എന്ത് ലാഭം പ്രതീക്ഷിച്ചാണ്.ഇത്തരം ദുഷിച്ച രീതികളിലൂടെ നിങ്ങളും നിങ്ങളുടെ മാധ്യമ സംരംഭവും ഈ സമൂഹത്തോട് സംവദിക്കാന്‍ ഉദ്ദേശിക്കുന്നതെന്താണ്.ഏത് സാഹചര്യത്തിലും ഇത്തരക്കാരുമായി സന്ധി ചെയ്യാനോ,പിൻതുണ തേടാനോ ഞാനും എൻ്റെ പ്രസ്ഥാനവും തയ്യാറല്ല. ക്വട്ടേഷൻ – ലഹരി മാഫിയകൾക്കെതിരെ ശക്തമായ പ്രചാരവേലകള്‍ തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോവാന്‍ തന്നെയാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം.

മാധ്യമങ്ങള്‍ ക്വട്ടേഷന്‍ മാഫിയയ്ക്ക് പക്ഷം പിടിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ ഈ ഇരട്ടത്താപ്പിനെയും തുറന്ന് കാണിക്കാന്‍ ഡിവൈഎഫ്‌ഐ തയ്യാറാവും.ശുദ്ധാത്മാക്കളായ ചിലർ ഇപ്പോഴും ഇത്തരക്കാരെ ‘പോരാളികൾ’ എന്ന പേര് ചേർത്ത് വിളിക്കുന്നതായി കാണുന്നുണ്ട്. സോഷ്യൽ മീഡിയ പ്രൊഫൈലിന്റെ നിറം നോക്കി ആവേശഭരിതരാകാതെ,ഒറ്റപ്പെടുത്തേണ്ടവരെആ നിലയിൽ അവഗണിക്കാൻ എങ്കിലും പൊതു സമൂഹം മുന്നോട്ട് വരണം.നാടിനെയും പുതുതലമുറയെയും ഇത്തരം വിധ്വംസക ശക്തികളില്‍ നിന്നും മാറ്റിനിര്‍ത്തി സംരക്ഷിക്കാനുള്ള ജാഗ്രത്തായ പ്രവര്‍ത്തനത്തിന് ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കും. പൊതുസമൂഹത്തിന്റെയാകെ പിന്‍തുണയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.

Leave A Comment