ചികിത്സ പിഴവിന് പരാതി നൽകി; ഡോക്ടറുടെ പേര് ഒഴിവാക്കി ആശുപത്രി അധികൃതർ
കൊച്ചി: ചികിത്സ പിഴവിന് പരാതി നൽകിയപ്പോൾ ചികിത്സിച്ച ഡോക്ടറുടെ പേര് ഒഴിവാക്കി ആശുപത്രി അധികൃതർ. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സുശീല ദേവിയ്ക്ക് ചികിത്സ പിഴവുണ്ടായെന്ന് കാണിച്ച് മകൾ സുചിത്രയാണ് പരാതി നൽകിയത്. ചികിത്സിച്ചത് ഹൗസ് സർജനായ താൽകാലിക ഡോക്ടറാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ കൈമലർത്തി.
കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് ആലുവ ദേശം സ്വദേശി സുശീല ദേവി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചികിത്സപിഴവാണ് അമ്മയുടെ മരണത്തിന് കാരണമെന്ന് സംശയിച്ച് മകൾ നിയമനടപടികളിലേക്ക് നീങ്ങി.
ഇതിന്റെ ഭാഗമായി വിവരാവകാശ നിയമ പ്രകാരം അമ്മയെ ചികിത്സിച്ച ഡോക്ടർമാരുടെ പേരുവിവരങ്ങൾ രേഖാമൂലം ആശുപത്രിയിൽ നിന്നും വാങ്ങി. എന്നാൽ ലഭിച്ച ആറു ഡോക്ടർമാരുടെ പട്ടികയിൽ അമ്മയെ ചികിത്സിച്ച ഷിജാസ് എന്ന ഡോക്ടറുടെ പേര് മാത്രമില്ലെന്ന് മകൾ പറയുന്നു.
സുശീല ദേവിയുടെ ചികിത്സരേഖകളിലെല്ലാം ഒപ്പിട്ടിരിക്കുന്നത് ഡോ.ഷിജാസാണ്. എന്നാൽ ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു ഡോക്ടർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഷിജാസ് എന്ന പേരിൽ മറ്റേതെങ്കിലും ഡോക്ടർ ഒപ്പിട്ടതാകാം എന്ന സംശയമാണ് മകൾ ഉന്നയിക്കുന്നത്.
അതേസമയം പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ തന്നെ മദ്യകുപ്പികളൊക്കെ വച്ചിരിക്കുന്ന ഇടുങ്ങിയ മുറിയിലേക്കാണ് വിളിച്ചുവരുത്തിയതെന്ന് സുചിത്ര പറഞ്ഞു. പോലീസ് സ്റ്റേഷന്റെ മുറിക്കകത്ത് മദ്യകുപ്പികൾ സൂക്ഷിച്ചതും പരാതിക്കാരിയോട് മോശമായി പെരുമാറിയതും പുറത്തറിഞ്ഞതോടെ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സുചിത്രയുടെ അമ്മ സുശീല ദേവിയെ ചികിത്സിച്ച ഡോ. ഷിജാസ് ആശുപത്രിയിലെ ഹൗസ് സർജനാണെന്നും അദ്ദേഹം സ്ഥിരം ഡോക്ടർമാരുടെ പട്ടികയിൽ പെടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
Leave A Comment