ബിഎംബിസി റോഡ് ടാറിംഗ് ഏറ്റെടുക്കാതെ കരാറുകാര്‍
കൊച്ചി: കൊച്ചി നഗരത്തില്‍ ബിഎം ബിസി റോഡ് വര്‍ക്കുകള്‍ ഏറ്റെടുക്കാന്‍ തയാറാകാതെ കരാറുകാര്‍. നഷ്ടകച്ചവടമാണെന്ന് കാട്ടിയാണ് ബിഎം ബിസി കരാറുകളില്‍നിന്ന് കോണ്‍ട്രാക്ടര്‍മാര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നത്. കരാറുകാരുടെ നിസഹകരണം മൂലം നഗരത്തിലെ റോഡ് പണികള്‍ അവതാളത്തിലായി.
കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും റോഡിന് ആയുസ് നല്‍കുമെന്നതാണ് ബിഎം ബിസി റോഡുകളുടെ സവിശേഷത. സംസ്ഥാനത്തെ പകുതി റോഡുകളെങ്കിലും ബിഎം ബിസി ചെയ്യണമെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദേശം നടപ്പാക്കാന്‍ ഇനി ഏതാനം ആഴ്ചകള്‍ മാത്രമേ മുന്നിലുള്ളൂ. വര്‍ക്കുകള്‍ക്കുള്ള ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയാറാകുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.
നഗരത്തിലെ ഇടുങ്ങിയ റോഡുകളിലും ജനത്തിരക്കുള്ള മേഖലകളിലും ബിഎം ബിസി ടാറിംഗ് പ്രായോഗികമല്ലെന്നതാണ് കോണ്ട്രാക്ടുമാരെ പിന്തിരിപ്പിക്കുന്ന കാര്യം. അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ടാറിംഗ് നടത്തുന്നത്. വീതി കുറഞ്ഞ റോഡുകളിലേക്ക് യന്ത്രങ്ങള്‍ എത്തിക്കാന്‍ പ്രയാസമാണെന്ന് കൊച്ചിന് കോര്പറേഷന് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് കണ്‍വീനര്‍ എം.ആര്. ബിനു പറഞ്ഞു.
പ്ലാന്റില്‍ നിന്നാണ് മിക്സിംഗിനുള്ള സാമഗ്രികള്‍ എത്തിക്കുന്നത് രാത്രിയിലായിരിക്കും. പ്രവൃത്തികള്‍ കുറഞ്ഞത് 35 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള പ്ലാന്റുകളില്‍ നിന്ന് അസംസ്കൃത വസ്തുക്കളെത്തിക്കുമ്പോള് ചെലവു വര്‍ധിക്കും. അതേസമയം താരതമ്യേന വീതിയുള്ള റോഡുകളായതിനാല്‍ ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ബിഎം ആന്‍ഡ് ബിസി ടാറിംഗ് എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല ഇടുങ്ങിയ റോഡുകളില്‍ ബിഎം ബിസിക്ക് ഇരട്ടി സമയം വേണ്ടിവരുന്നതും ചെലവ് വര്‍ധിക്കുന്നതിനുള്ള കാരണമായി കോണ്‍ട്രാക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. നഗരത്തിലെ ഇരുനൂറു മീറ്റര്‍ റോഡ് ബിഎം ബിസി ചെയ്യുന്ന സമയം കൊണ്ട് ഹൈവേയിലെ ഒരു കിലോ മീറ്റര്‍ ടാര്‍ ചെയ്യാം. ടാറിംഗിന് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ക്ക് വാടക കൂടുതലാണ്. ഉയര്‍ന്ന ഗുണമേന്മ ഉറപ്പാക്കണമെങ്കില്‍ ചെലവ് കൂടും. എന്നാല്‍ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ഇക്കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നത് ശ്രമകരമായ ദൗത്യമാണ്. പണി പൂര്‍ത്തിയാക്കിയാലും ബില്‍ പാസായി കിട്ടണമെങ്കില്‍ വര്‍ഷങ്ങളോളം ഓഫീസ് കയറിയിറങ്ങണമെന്നും കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നു.
Leave A Comment