ജില്ലാ വാർത്ത

കാട്ടാനക്കൂട്ടത്തിൻ്റെ മുന്നിൽപ്പെട്ട ബൈക്ക് മറിഞ്ഞ് ടാപ്പിംഗ് തൊഴിലാളികൾക്ക് പരിക്കേറ്റു

വരന്തരപ്പിള്ളി: പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടത്തിൻ്റെ മുന്നിൽപ്പെട്ട ബൈക്ക് മറിഞ്ഞ് ടാപ്പിംഗ് തൊഴിലാളികൾക്ക് പരിക്കേറ്റു. പുലിക്കണ്ണി സ്വദേശി പഞ്ചലി ഹനീഫക്കും ഭാര്യക്കുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ പിള്ളത്തോടിന് സമീപത്തായിരുന്നു അപകടം. 

പാലപ്പിള്ളിയിലേക്ക് ടാപ്പിംഗിന് പോകുന്നതിനിടെ പാലത്തിന് സമീപത്തുവെച്ചാണ് ആനക്കൂട്ടത്തിൻ്റെ മുന്നിൽപ്പെട്ടത്. റോഡ് മുറിച്ചുകടന്ന ആനകളെ കണ്ട് ഭയന്നാണ് അപകടമുണ്ടായത്. ആനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് ഇവർ രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസവും ആനക്കൂട്ടത്തിൻ്റെ മുന്നിൽപ്പെട്ട ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റിരുന്നു. പത്തോളം ആനകളാണ് കൂട്ടത്തിലുണ്ടായിരുന്നത്. റോഡ് മുറിച്ചുകടന്ന ആനകൾ ജ്യുങ് ടോളി എസ്റ്റേറ്റിൻ്റെ 82-ാം ഫീൽഡിലാണ് നിലയുറപ്പിച്ചത്. ആനകൾ തോട്ടത്തിൽ തമ്പടിച്ചതോടെ തൊഴിലാളികൾക്ക് ടാപ്പിംഗ് നടത്താൻ കഴിഞ്ഞില്ല. 

രണ്ട് കൂട്ടങ്ങളിലായി 20 ലേറെ ആനകളാണ് റബ്ബർ തോട്ടത്തിൽ നിലയുറപ്പിച്ചത്. വാച്ചർമാരുടെ നേതൃത്വത്തിൽ ആനകളെ കാടുകയറ്റിയെങ്കിലും വീണ്ടുമിറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

Leave A Comment