അതിസുരക്ഷാ ജയിലിലെ പോക്സോ കേസ് പ്രതിയിൽ നിന്ന് ഹാഷിഷ് ഓയിൽ കണ്ടെത്തി
തൃശൂര്‍: വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ശിക്ഷാ തടവുകാരനിൽ നിന്ന് രണ്ട് ചെറിയ കുപ്പിയിൽ ഒളിപ്പിച്ച ഹാഷിഷ് ഓയിൽ പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പുതുക്കാട് സ്വദേശി രതീഷിൽ നിന്നാണ് (35) ഹാഷിഷ് ഓയിൽ പിടികൂടിയത്. ഹൈക്കോടതിയിൽ നിന്ന് അഞ്ചുദിവസത്തെ ഇടക്കാല ജാമ്യത്തിൽ ജയിലിൽ നിന്ന് ഇറങ്ങിയ രതീഷിനെ തിങ്കളാഴ്ചയാണ് വീണ്ടും ജയിലിലെത്തിച്ചത്. ജയിലിലേക്ക് പ്രവേശിപ്പിക്കുമ്പോൾ നടത്തുന്ന പരിശോധനയ്ക്ക് പ്രതി വിസമ്മതിച്ചിരുന്നു.
ഇതോടെ സംശയം തോന്നിയ ജയിൽ അധികൃതർ ഇയാളെ എക്സ്റേയ്ക്ക് വിധേയനാക്കി. ഇതിലാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ എത്തിച്ചാണ് ഇവ പുറത്തെടുത്തത്. തൊണ്ടിമുതൽ വിയ്യൂർ പൊലീസിന് കൈമാറി. ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്തുന്നയാളാണ് രതീഷെന്ന് പൊലീസീന് സംശയം ഉണ്ടായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
Leave A Comment