പള്ളി പണിയുടെ പേരിൽ തർക്കം; വികാരിയും വിശ്വാസികളും നേർക്കുനേർ
തൃശൂര്‍: പള്ളി നിര്‍മാണത്തിലെ കണക്ക് സംബന്ധിച്ച് ആരോപണം ഉന്നയിച്ചതിന് പിന്നാലെ വികാരിയും വിശ്വാസികളും തമ്മിലുള്ള തര്‍ക്കം മൂത്ത് ഇടവകയിലെ വിശ്വാസികളെല്ലാം മരിച്ചതായി കണക്കാക്കി വികാരി കൂട്ട 'മരണ കുര്‍ബാന' നടത്തി. തൃശൂര്‍ പൂമല ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയിലാണ് സംഭവം. വികാരിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇടവകയിലെ വിശ്വാസികളില്‍ ചിലര്‍ പള്ളിക്ക് മുന്നില്‍ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകളും നടത്തി.
കോടികള്‍ മുടക്കി ഇവിടെ പുതിയ പള്ളി നിര്‍മിച്ചിരുന്നു. ഇതിന്റെ കണക്ക് സംബന്ധിച്ച് തര്‍ക്കത്തിനൊടുവിലാണ് ഇതെല്ലാം അരങ്ങേറിയത്.

വികാരി ഫാ.ജോയസണ്‍ കോരോത്താണ് പള്ളി നിര്‍മാണത്തിന് നേതൃത്വം നല്‍കിയിരുന്നത്. അഞ്ചര കോടിയോളം രൂപ ഇതിനായി വിശ്വാസികളില്‍ നിന്ന് പിരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പള്ളി നിര്‍മാണത്തിന് ശേഷം കണക്ക് അവതരിപ്പിക്കാന്‍ വികാരി കൂട്ടാക്കാത്തതാണ് തര്‍ക്കങ്ങളുടെ തുടക്കം. ഭാരവാഹികളുടേയും വിശ്വാസികളുടേയും നിരന്തര ആവശ്യങ്ങളെ തുടര്‍ന്ന് രൂപതയില്‍ നിന്ന് കണക്ക് അവതരിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ചു. തുടര്‍ന്ന് ഏഴ് മാസത്തിന് ശേഷം കണക്ക് അവതരിപ്പിച്ചു. കണക്കിനെ ചൊല്ലി പ്രതിഷേധമുയര്‍ന്നു. ഇതിനിടെ പൂമല ചെറുപുഷ്പ ദേവാല സംരക്ഷണ സമിതി എന്ന പേരില്‍ വികാരിക്കെതിരെ ഒരു വിഭാഗം വിശ്വാസികള്‍ സംഘടിക്കുകയും ചെയ്തിരുന്നു.

പഴയ പള്ളി പൊളിച്ചപ്പോള്‍ ഉണ്ടായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന മര ഉരുപ്പടികള്‍ എവിടെ, പള്ളിയുടെ വസ്തുക്കള്‍ പതിവായി മോഷണം പോയിട്ടും എന്തുകൊണ്ട് പള്ളിയില്‍ സിസിടിവി വെക്കുന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ വികാരിക്ക് നേരെ ഉന്നയിച്ച് സംരക്ഷണ സമിതി ബോര്‍ഡുകള്‍ സ്ഥാപിച്ചു. പള്ളി സംബന്ധമായ പണമിടപാട് വികാരി നേരിട്ട് നടത്തരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ഇന്ന് പള്ളി പരിസരത്ത് ഇടവകയിലെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതീകാത്മകമായി തങ്ങളുടെ ഏഴാംചരമദിന ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ഇവടവകക്കാര്‍ കൂട്ട മരണ കുര്‍ബാന ചൊല്ലിയ വികാരിക്ക് അഭിനന്ദനങ്ങള്‍ എന്ന ഫള്ക്‌സ് സ്ഥാപിക്കുകയും ചെയ്തു. താടികള്‍ കെട്ടിയും കറുത്ത കൈയുറകള്‍ ധരിച്ചുമായിരുന്നു പ്രതിഷേധം.
ഫ്‌ളക്‌സുകള്‍ക്കെതിരെയും തന്നെ കൈയേറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി വികാരി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
തര്‍ക്കങ്ങള്‍ക്കിടെ ഇടവകയിലെ ചിലര്‍ വികാരിയുടെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മോട്ടോര്‍ വാഹന വകുപ്പിന് അയച്ചു നല്‍കി, നമ്പര്‍ പ്ലേറ്റില്‍ തോക്കിന്റെ ചിത്രം വെച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് 3000 രൂപ വികാരിക്ക് പിഴയിടുകയും ചെയ്തു.
പള്ളി പണി നടത്തിയതിന് ശേഷം വികാരി മൂന്ന് തവണ കാര്‍ മാറ്റി വാങ്ങിയിട്ടുണ്ടെന്നും ദേവാലയ സംരക്ഷണ സമിതി ആരോപണം ഉന്നയിക്കുന്നുണ്ട്.
Leave A Comment