കണ്ണനു മുന്നിൽ മെഗാ തിരുവാതിരയുമായി 400 വനിതകൾ
ഗുരുവായൂർ: കണ്ണന് മുന്നിൽ 400 വനിതകളുടെ മെഗാ തിരുവാതിര ഹൃദ്യമായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരക്കാണ് ‘കൃഷ്ണാർപ്പണം’ എന്ന പേരിലുള്ള മെഗാതിരുവാതിരക്കളി തെക്കേ നടപന്തലിൽ അരങ്ങേറിയത്.
20 മിനിറ്റുനേരം അരങ്ങേറിയ തിരുവാതിരക്ക് ആസ്വാദകർ ഏറെയുണ്ടായി. പ്രശസ്ത തിരുവാതിര നർത്തകിയായിരുന്ന അന്തരിച്ച മാലതി ജി.മേനോന്റെ സ്മരണാർഥം ശിഷ്യകളുടെ വകയായിരുന്നു തിരുവാതിര.
മാലതി മേനോന് ഗുരുവായൂർ ക്ഷേത്രനടയിൽ തിരുവാതിരക്കളി നടത്തണമെന്നത് വലിയ മോഹമായിരുന്നു. അതിനുവേണ്ടി രണ്ടുവർഷം മുന്പ് മേൽപ്പത്തൂർ ഓഡിറ്റോറിയം ബുക്ക് ചെയ്തെങ്കിലും അവർ കോവിഡ് ബാധിച്ച് മരണപ്പെട്ടു. 2018ൽ ഏഴായിരംപേരെ പങ്കെടുപ്പിച്ച് നടത്തിയ തിരുവാതിരക്കളി ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചു.
മാലതി ജി. മേനോന്റെ മകൾ സുധാറാണി, അനിത അശോക് എന്നിവരാണ് തിരുവാതിരക്കളിയ്ക്ക് നേതൃത്വം നൽകിയത്. ക്ഷേത്രം ഉൗരാളൻ മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ഭരണസമിതിയംഗം സി. മനോജ് പങ്കെടുത്തു.
Leave A Comment