കൊച്ചിയിൽ ബസ് ജീവനക്കാരന് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനം
കൊച്ചി: മഹാരാജാസ് കോളജിനു മുന്പിൽവച്ച് സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച് എസ്എഫ്ഐ പ്രവർത്തകർ. ചോറ്റാനിക്കര-ആലുവ റൂട്ടിലെ സാരഥി ബസ് കണ്ടക്ടർ ജെഫിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് കോളജിനു മുമ്പിൽ ബസ് എസ്എഫ്ഐക്കാർ തടഞ്ഞിടുകയായിരുന്നു. തുടർന്ന് കണ്ടക്ടറെ ബസിൽനിന്നു വലിച്ച് റോഡിലിട്ട് മുഖത്തടിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട തർക്കമാണു കാരണം.
രണ്ടാഴ്ച മുമ്പാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് രാവിലെ ആറിന് നാല് വിദ്യാർഥികൾ ബസ് കൺസെഷൻ ആവശ്യപ്പെട്ടു. എന്നാല്‍ ഏഴു മുതലാണ് ബസ് കൺസെഷൻ സമയമെന്നും മുഴുവൻ പണവും വേണമെന്നും ബസ് ജീവനക്കാർ പറഞ്ഞു.
ഇതിൽ രണ്ടു കൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ബസ് ജീവനക്കാർക്കെതിരെ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ തുടർച്ചയായാണ് ഇന്നു നടന്ന ആക്രമണമെന്നു ബസ് ജീവനക്കാർ പറയുന്നു.
Leave A Comment