ജീപ്പ് ദേശീയപാതയിലെ കുഴിയിൽ വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
പൊന്നാനി: വെളിയങ്കോട്ടെ ദേശീയപാത നിർമാണത്തിനായി മണ്ണെടുത്ത കുഴിയിലേക്ക് ജീപ്പ് മറിഞ്ഞ് അഞ്ചംഗ കുടുംബത്തിനു പരിക്കേറ്റ സംഭവത്തിൽ ഗൃഹനാഥനെതിരെ കേസെടുത്ത് പോലീസ്. അലക്ഷ്യമായി വാഹനം ഓടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൃഹനാഥനെതിരെ കേസെടുത്തത്.കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഷറഫിന് (43) എതിരെയാണ് പോലീസ് നടപടി. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അഷറഫും കുടുംബവും കരുനാഗപ്പള്ളിയിൽനിന്ന് കണ്ണൂരിലെ ബന്ധുവീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.
പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ വെളിയങ്കോട് സ്കൂൾ പടിയിലെ ഓട നിർമാണത്തിന് എടുത്ത കുഴിയിലേക്കാണ് ഇവർ സഞ്ചരിച്ച ജീപ്പ് മറിഞ്ഞത്. അതേസമയം നിർമാണം നടക്കുന്ന റോഡിൽ മതിയായ സിഗ്നൽ സംവിധാനം ഇല്ലാത്തതു മൂലമാണ് അപകടമുണ്ടായതെന്ന് അഷറഫ് ആരോപിച്ചു.
അപകടത്തിൽ അഷറഫിനെ കൂടാതെ ഭാര്യ റജീന, മക്കളായ ഇബ്രാഹിം ബാദുഷ, ആയിഷ, ടിപ്പു സുൽത്താൻ എന്നിവർക്കു പരിക്കേറ്റിരുന്നു. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Leave A Comment