ജില്ലാ വാർത്ത

ചന്തയിലേക്ക് കുട്ടിയുടെ കൈ പിടിച്ച് പോകുന്നത് കണ്ടു: ദൃക്സാക്ഷി

ആലുവ: കൊല്ലപ്പെട്ട അഞ്ചുവയസുകാരി ചാന്ദ്നിയുമായി പ്രതി അസ്ഫാക് ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് ശേഷം ആലുവ മാര്‍ക്കറ്റിലെത്തിയിരുന്നുവെന്ന് ദൃക്സാക്ഷി താജുദ്ദീന്‍. ചെറിയ പെണ്‍കുട്ടിയുമായി മാര്‍ക്കറ്റിലെ മാലിന്യക്കൂനയ്ക്കരികിലേക്ക് പോകുന്നത് കണ്ടപ്പോള്‍ സംശയം തോന്നി ചോദിച്ചുവെന്നും തന്റെ മകളാണ് ഒപ്പമുള്ളതെന്നുമായിരുന്നു അസ്ഫാക്കിന്റെ  മറുപടിയെന്നും മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ താജുദ്ദീന്‍ വെളിപ്പെടുത്തി. മദ്യപിക്കുന്നതിനായാണ് മാര്‍ക്കറ്റിനുള്ളില്‍ വന്നതെന്ന് അസ്ഫാക്ക് പറഞ്ഞുവെന്നും കുട്ടിയുടെ കൈവശം മിഠായിയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അസ്ഫാക്കിന് പിന്നാലെ മൂന്ന് നാല് പേര്‍കൂടി സ്ഥലത്തേക്ക് എത്തിയെന്നും മദ്യപ സംഘമായതിനാല്‍ പിന്നീട് ശ്രദ്ധിച്ചില്ലെന്നും താജുദ്ദീന്‍ പറയുന്നു. കുട്ടിയും അസ്ഫാക്കും ഒരേ ഭാഷയാണ് സംസാരിച്ചിരുന്നതെന്നും താന്‍ ഓരോന്ന് ചോദിച്ചപ്പോള്‍ അസ്ഫാക്ക് ചാന്ദിനിയെ തോളിലെടുത്തുവെന്നും ദൃക്സാക്ഷി പറയുന്നു. രാവിലെ മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടതോടെയാണ് ഇന്നലെ അസ്ഫാക്കിനെ കണ്ട കാര്യം ഓര്‍ത്തതെന്നും  എട്ടരയോടെ പൊലീസില്‍ വിവരമറിയിച്ചുവെന്നും താജുദ്ദീന്‍ പറഞ്ഞു.

Leave A Comment