തൃശൂർ കോർപറേഷനിൽ ഇനിമുതൽ ഫ്ലാഷ് ന്യൂസുകൾ
തൃശൂർ: ഫ്ലാഷ് ന്യൂസുകളും ബ്രേക്കിംഗ് ന്യൂസുകളുമായി ചാനലുകളും സോഷ്യൽ മീഡിയകളും കളം വാഴുന്നിടത്ത് അവർക്കെല്ലാം മുന്നേ അറിയിക്കാൻ കോർപറേഷൻ. ഇതിനായി കോർപറേഷൻ ഒാഫീസിനു മുന്പിൽ കൂറ്റൻ എൽഇഡി വാൾ ഒരുങ്ങി.
ഇതിലൂടെ വിവിധ അറിയിപ്പുകളും പദ്ധതി വിവരങ്ങളും ആനുകൂല്യങ്ങളുമെല്ലാം ഫ്ലാഷ് ന്യൂസുകളായി സ്ക്രോൾ ചെയ്തുവരും. പൊതുജനത്തിന് ഓഫീസുകളിൽ കയറിയിറങ്ങാതെ കോർപറേഷന്റെ മുറ്റത്തുവച്ചുതന്നെ വിവരങ്ങൾ അറിയാനാകും. നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പുത്തൻ വിശേഷങ്ങളുമായി കോർപറേഷൻ ജനമധ്യത്തിലേക്കിറങ്ങുന്നത്.
നഗരത്തിലെ പ്രധാനപ്പെട്ട പത്തോളം കേന്ദ്രങ്ങളിൽകൂടി ഇത്തരം എൽഇഡി വാളുകൾ ഉടൻ ഉയരും. കിഴക്കെകോട്ട, പടിഞ്ഞാറെകോട്ട, നടുവിലാൽ, ശക്തൻ, വടക്കേസ്റ്റാൻഡ് അടക്കമുള്ള പത്തിടങ്ങളിലാണ് അടുത്തഘട്ടത്തിൽ വാൾ ഉയരുക. തുടർന്ന് കോർപറേഷന്റെ മറ്റു ഡിവിഷനുകളിൽ ചെറിയ എൽഇഡി വാർത്താ ബോർഡുകൾ സ്ഥാപിക്കും.
നിർമാണം അവസാനഘട്ടത്തിലായ കോർപറേഷന്റെ മുൻവശത്തുള്ള എൽഇഡി വാൾ അടുത്തദിവസം പ്രവർത്തനസജ്ജമാകും. 2022- 23 ലെ ബജറ്റിൽ അനുവദിച്ച പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കുന്നത്.
Leave A Comment