അപമാനിച്ച സംഭവം: നിലപാടില്‍ ഉറച്ച് അധ്യാപകന്
കൊച്ചി: മഹാരാജാസ് കോളജില്‍ ക്ലാസ് മുറിയില്‍ അവഹേളിക്കപ്പെട്ട സംഭവത്തില്‍ നിലപാടിലുറച്ച് അധ്യാപകന്. വിദ്യാര്‍ഥികളുടെ ഭാഗത്ത് ഉണ്ടായത് അവഹേളനം തന്നെയാണെന്നും പരാതി നല്കിയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും കാഴ്ചാപരിമിതിയുള്ള അധ്യാപകന് ഡോ. സി.യു. പ്രിയേഷ് പറഞ്ഞു. എന്നാൽ അധ്യാപകനെ അവഹേളിച്ചെന്ന ആരോപണം കെഎസ്യു ഇന്നലെയും നിഷേധിച്ചു.
കാഴ്ചപരിമിതി ഉള്ളതിനാല്‍ കുട്ടികള്‍ തന്നെ അവഹേളിക്കുന്നതായുള്ള വീഡിയോ ദൃശ്യങ്ങള്‍ മറ്റൊരാളുടെ സഹായത്തോടെയാണ് മനസിലാക്കിയത്. തന്റെ പരാതിയില്‍ കോളജ് അധികൃതര്‍ ഈ വിദ്യാര്‍ഥികളെ സസ്പെൻഡ് ചെയ്തു. വിദ്യാര്‍ഥികളുമായി തനിക്കു വ്യക്തിപരമായ പ്രശ്നമൊന്നുമില്ലെന്നും അധ്യാപകന് പറഞ്ഞു.
അതേസമയം കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിച്ചിട്ടില്ലെന്ന വിശദീകരണവുമായി കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റും സസ്പെന്‍ഷനിലായ വിദ്യാര്ഥികളിലൊരാളുമായ മുഹമ്മദ് ഫാസില്‍ രംഗത്തെത്തി. വൈകിയെത്തിയ താന്‍ അനുവാദം ചോദിച്ചു ക്ലാസില്‍ കയറി. ആ സമയത്ത് ക്ലാസ് കഴിഞ്ഞ് അധ്യാപകന് പോകാന്‍ തുടങ്ങുകയായിരുന്നു. താന്‍ കയറിവന്നതും വിദ്യാര്‍ഥികള്‍ ചിരിച്ചു. ജാള്യത മറയ്ക്കാന്‍ താനും ചിരിച്ചു. ഇതാണ് അധ്യാപകനെ അവഹേളിച്ചെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്.
ക്ലാസില്‍നിന്നു മടങ്ങാനൊരുങ്ങവേ പ്രോജക്ടിന്റെ കാര്യം സംസാരിക്കാന്‍ അധ്യാപകന്റെ അടുത്തേക്ക് ചെന്നു. അധ്യാപകന്റെ അരികിലെത്താന്‍ മാര്‍ഗതടസമായി ഉണ്ടായിരുന്ന കസേര തന്റെ സഹപാഠിയായ വിദ്യാര്‍ഥിനി എടുത്തുമാറ്റി.
തുടര്‍ന്ന്, അധ്യാപകന് മറ്റൊരു വിദ്യാര്‍ഥിയുടെ സഹായത്തോടെ പുറത്തേക്ക് പോകുകയായിരുന്നെന്നും മുഹമ്മദ് ഫാസില്‍ പറഞ്ഞു. അധ്യാപകനെ അവഹേളിക്കാന്‍ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് തന്നെ നേതൃത്വം നല്കിയിരിക്കുന്നു എന്നത് ഞെട്ടലുളവാക്കുന്നതാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ പ്രതികരിച്ചു.
Leave A Comment