ജില്ലാ വാർത്ത

ഏകീകൃത കുർബാന നടപ്പായില്ല; ഭൂരിഭാഗം പള്ളികളിലും നടന്നത് ജനാഭിമുഖ കുർബാന

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഇന്ന് മുതൽ ഏകീകൃത കുർബാന നടത്താൻ വത്തിക്കാൻ പ്രതിനിധി നൽകിയ നിർദ്ദേശം നടപ്പായില്ല. ഭൂരിഭാഗം പള്ളികളിലും ജനാഭിമുഖ കുർബാനയാണ് നടന്നത്. വത്തിക്കാൻ പ്രതിനിധിയുടെ നിർദേശം പാലിക്കില്ലെന്ന് വിമത വിഭാഗം ആദ്യമേ നിലപാട് എടുത്തിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സെന്റ് മേരീസ് ബസിലിക്കയിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

ഏകീകൃത കുർബാന അനുവദിച്ചില്ലെങ്കിൽ കുർബാന നിർത്തിവെക്കുമെന്ന് വൈദികർ പറയുന്നുണ്ട്. അത് അവർക്ക് തീരുമാനിക്കാമെന്നും ചൊല്ലുന്നുണ്ടെങ്കിൽ ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കൂ എന്നുമാണ് വിശ്വാസികളിൽ വിമത വിഭാഗത്തിന്റെ തീരുമാനം.

അതിനിടെ എറണാകുളം പറവൂരിൽ ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ വൈദികനെ വിമത വിഭാഗം തടഞ്ഞു. കോട്ടക്കാവ് സെന്റ് തോമസ് ചർച്ചിലാണ് വൈദികനെ തടഞ്ഞത്. അങ്കമാലി മഞ്ഞപ്രയിലെ പള്ളിയിലും വൈദികനെ തടഞ്ഞു. രണ്ട് സ്ഥലത്തും പൊലീസുണ്ടായിരുന്നു. ഇവിടങ്ങളിൽ പ്രാർത്ഥന നിർത്തിവച്ചു. അതേസമയം എറണാകുളം അങ്കമാലി അതിരൂപതയിൽ ഭൂരിഭാഗം പള്ളികളിലും രാവിലെ ജനാഭിമുഖ കുർബാനയാണ് അർപ്പിച്ചത്.

Leave A Comment