വ്യാജ മാര്‍ക്ക് ലിസ്റ്റ് കേസില്‍ അന്വേഷണം നിലച്ചു
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ വ്യജ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട കേസിലെ പോലീസ് അന്വേഷണം നിലച്ചു. സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അഞ്ച് പേരെ പ്രതികളാക്കി എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസാണ് രണ്ടര മാസമായപ്പോഴേക്കും അന്വേഷണം നിലച്ചത്.
കേസിലെ മൂന്നും നാലും പ്രതികളായ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, മഹാരാജാസ് യൂണിറ്റ് പ്രസിഡന്റ് സി.എ. ഫാസില്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. മൂന്ന് തവണ നോട്ടീസ് നല്കി വിളിപ്പിച്ചെങ്കിലും ഇരുവരും ഹാജരായില്ല. ഇതോടെ പ്രാഥമിക ചോദ്യം ചെയ്യല്‍ നടപടികള്‍ പോലും പൂര്‍ത്തിയാക്കാനാകാതെയാണ് അന്വേഷണം വഴിമുട്ടിയത്.
പരാതിക്കാരനായ ആര്‍ഷോ, കേസില്‍ ഗൂഢാലാചന ആരോപിക്കുമ്പോഴും ഇതു സബന്ധിച്ച തെളിവ് കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ സിസിടിവി ദൃശ്യങ്ങളും വിദഗ്ധരുടെ സഹായത്തോടെ എന്‍ഐസി സോഫ്റ്റ്വെയറിലെ വിവരങ്ങളും അന്വേഷണ സംഘം പരിശോധിച്ചിരുന്നെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഒന്നും രണ്ടും പ്രതികളായ കോളജിലെ ആര്‍ക്കിയോളജി വിഭാഗം അധ്യാപകന് വിനോദ് കുമാര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.എസ് ജോയ്, അഞ്ചാംപ്രതി മാധ്യമപ്രവര്‍ത്തകയായ അഖില നന്ദകുമാര്‍ എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.മഹാരാജാസില്‍ ബിഎ ആര്‍ക്കിയോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ആര്‍ഷോ. മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജിയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും മാര്‍ക്ക് കാണിച്ചിട്ടില്ല. പക്ഷെ പാസായി എന്നുളള ലിസ്റ്റാണ് കോളജ് പ്രസിദ്ധീകരിച്ചത്. ഇത് സോഫ്റ്റ് വെയര്‍ പിഴവാണെന്നായിരുന്നു കോളജിന്റെ വിശദീകരണം.
Leave A Comment