നാല് ബിനാമികൾ, 50-ലേറെ അക്കൗണ്ടുകൾ; എ.സി. മൊയ്തീന്റെ FD മരവിപ്പിച്ചു, ചോദ്യംചെയ്യും
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ സി.പി.എം. സംസ്ഥാനസമിതി അംഗമായ മുന്‍മന്ത്രി എ.സി. മൊയ്തീനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യംചെയ്യും. ചോദ്യംചെയ്യലിനായി ഉടന്‍ നോട്ടീസ് അയക്കും. എ.സി. മൊയ്തീന്റെ 30 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം(എഫ്.ഡി.) മരവിപ്പിച്ചു. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്താനായി കരുവന്നൂര്‍ സഹകരണബാങ്കില്‍ രണ്ടു രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും റെയ്ഡില്‍ ഇ.ഡി. കണ്ടെത്തി.
മുന്‍മന്ത്രിയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എഫ്.ഡിയായി കിടക്കുന്ന 30 ലക്ഷം രൂപ കണക്കില്‍പ്പെടാത്തതാണെന്നാണ് ഇ.ഡി. പറയുന്നത്. അതിനാലാണ് മരവിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍സംഭാഷങ്ങളുണ്ടായിട്ടുണ്ട്. മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്. മൊയ്തീന്റെ വീട്ടിലേതിനുപുറമേ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവര്‍ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇ.ഡി. സംശയിക്കുന്നത്. ഷിജുവും റഹീമും മൊയ്തീന്റെ അകന്ന ബന്ധത്തിലുള്ളവരാണെന്ന് ഇ.ഡി. അന്വേഷണസംഘം പറയുന്നത്.
ഇവരുടെ പക്കല്‍ നിര്‍ണായകമായ പലരേഖകളും സാമ്പത്തിക നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് സഹകരണബാങ്കില്‍ അന്‍പതോളം അക്കൗണ്ടും മറ്റൊരാള്‍ക്ക് 25-ഓളം അക്കൗണ്ടുകളും ഉണ്ടെന്നാണ് കണ്ടെത്തല്‍. സഹകരണബാങ്കില്‍ തന്നെ ഇത്രയേറെ അക്കൗണ്ടുകള്‍ ആരംഭിക്കുന്നത് ബിനാമി ഇടപാടിന് വേണ്ടിയാണെന്നാണ് ഇ.ഡിയുടെ നിഗമനം.
ബിനാമികള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് മൊയ്തീന്റെ സ്വാധീനത്തില്‍ 45 കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ടെന്ന് ഇ.ഡി. കണ്ടെത്തി. ഇവരെ ചോദ്യംചെയ്ത ശേഷമാവും എ.സി. മൊയ്തീന് നോട്ടീസ് നല്‍കുക. സഹകരണ രജിസ്ട്രാറില്‍ ഒരാളാണ് മൊയ്തീനെതിരെ മൊഴിനല്‍കിയതെന്നാണ് വിവരം. ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പുനടക്കുന്നു, അത് തടയണമെന്ന് സഹകരണ രജിസ്ട്രാര്‍ മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സൂചനയുണ്ട്. ഇതിനാലാണ് വായ്പ ക്രമക്കേടിലും മൊയ്തീനു പങ്കുണ്ടെന്ന നിഗമനത്തിലേക്ക് ഇ.ഡി. എത്തിയിരിക്കുന്നത്. മൊയ്തീന്റെ സ്വാധീനത്തില്‍ മറ്റുപലര്‍ക്കും വായ്പ നല്‍കിയതായും മൊഴി ലഭിച്ചിട്ടുണ്ട്.
Leave A Comment