പൊളിച്ചോണം; ഇന്ന് ഉത്രാടപ്പാച്ചിൽ
തൃശൂർ: ഇന്ന് ഉത്രാടം, ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ഉത്രാടത്തിന് രാവിലെ മുതല് ആളുകൾ നഗരങ്ങളിലിറങ്ങുകയാണ് പതിവ്. പിന്നെ ഓണക്കോടിയും ഓണസദ്യയും, പൂക്കളും ഓണത്തപ്പനുമൊക്കെയായി ആഘോഷത്തോടെയുള്ള മടക്കം.കഴിഞ്ഞ വർഷത്തക്കാൾ പൂവിപണി ഇത്തവണ വിപുലമാണ്. ചെണ്ടുമല്ലി, ജമന്തി, വാടമല്ലി, അരളി, റോസ് എന്നിവ വീഥികളിൽ കുമിഞ്ഞുകൂടും. കിലോയ്ക്ക് 200 രൂപ മുതൽ മുകളിലേയ്ക്കാണ് വില. ഇന്ന് തൃക്കാക്കരയപ്പൻമാർക്കാണ് ആവശ്യക്കാർ ഏറെ. തിരുവോണം മുതൽ പൂരൂരുട്ടാതി വരെ തൃക്കാക്കരയപ്പൻമാർ വീടുകളിൽ സ്ഥാനം പിടിക്കും.
ഓണസദ്യയ്ക്കായി സാധനങ്ങൾ വാങ്ങാനും ഇന്ന് വിപണിയിൽ തിരക്കേറും. മാവേലി സ്റ്റോർ, സപ്ലൈകോ സൂപ്പർ മാർക്കറ്റ് തുടങ്ങിയവയിൽ ഇന്നലെ മുതൽ വൻ തിരക്കായിരുന്നു. സർക്കാരിന്റെ ഓണച്ചന്തകൾ വഴി കുറഞ്ഞ വിലയ്ക്കു പച്ചക്കറിയും മറ്റും പൊതുജനത്തിനു ലഭിക്കുന്നുണ്ട്.
വസ്ത്ര വിപണിയാണു തിരക്കേറിയ മറ്റൊരിടം. എല്ലാ വസ്ത്രശാലകളിലും കുറെ ദിവസങ്ങളിലായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുത്താമ്പുള്ളിയും മറ്റു ചെറുകിട കച്ചവടക്കാരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികളും വിപണി കൊഴുപ്പിക്കാൻ രംഗത്തുണ്ട്. ജില്ലയിൽ മിക്ക സ്ഥലങ്ങളിലും പായസമേളകളും തുടങ്ങി. ബേക്കറികളിലും ഹോട്ടലുകളിലും പായസം വാങ്ങാനെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
പാലട പ്രഥമൻ തന്നെയാണ് പായസത്തിൽ പ്രിയങ്കരം. റെഡിമെയ്ഡ് ഓണസദ്യയ്ക്കും ആവശ്യക്കാർ ഏറെയാണ്. ഓണസദ്യ ഓർഡർ അനുസരിച്ച് വീട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ഹോട്ടലുകളും കാറ്ററിംഗ് യൂണിറ്റുകളും.
നാലാം ഓണനാളിലെ പുലിക്കളിച്ചമയ പ്രദർശനവും കണിമംഗല ദേശക്കുമ്മാട്ടിയും ഉത്രാട ദിനമായ ഇന്ന് നടക്കും. ജില്ലാതല ഓണാഘോഷം വ്യത്യസ്തങ്ങളായ പരിപാടികളോടെ നടക്കും.
Leave A Comment