ബൂത്ത് നമ്പർ 126, ക്രമ നമ്പർ 647; ഇത്തവണയുമുണ്ട് ഉമ്മൻ ചാണ്ടിയുടെ പേര്
പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലെ ജോർജിയൻ പബ്ലിക് സ്കൂളിൽ 126–ാം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിൽ ഉമ്മൻചാണ്ടിയുടെ പേര് ഇത്തവണയുമുണ്ട്. 647–ാം ക്രമ നമ്പറായിട്ടാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുള്ളത്. വോട്ടർപട്ടികയിലെ ഉമ്മൻ ചാണ്ടിയുടെ പേര് പേന കൊണ്ട് വെട്ടിയിട്ടുണ്ട്.
വോട്ടർ മരിച്ചാൽ നടപടിക്രമം പാലിച്ച് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ സ്വാഭാവിക കാലതാമസം ഉണ്ടാകാറുണ്ട്. മരണവിവരം പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത ശേഷം ഈ വിവരം അതതു മേഖലയിലെ ബൂത്തുതല ഓഫിസർ ബന്ധപ്പെട്ട അധികാരികൾക്കു കൈമാറും. തുടർന്നാണു വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുക.
ജൂലൈ 18 നായിരുന്നു ഉമ്മൻ ചാണ്ടി അന്തരിച്ചത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഉമ്മൻ ചാണ്ടി കുടുംബത്തോടൊപ്പം പുതുപ്പളളി ജോർജിയൻ സ്കൂളിൽ എത്തിയാണു വോട്ട് ചെയ്തിരുന്നത്.
ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണി സ്ഥാനാർത്ഥികളുൾപ്പെടെ ആകെ ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
അതേസമയം 126-ാം നമ്പര്‍ ബൂത്തില്‍, ജോര്‍ജിയന്‍ സ്കൂളിൽ ചാണ്ടി ഉമ്മൻ സമ്മതിദാനം വിനിയോഗിച്ചു.
കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ചാണ്ടി എത്തിയത്. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാരായ മറിയ ഉമ്മനും അച്ചു ഉമ്മനും അദ്ദേഹത്തിനൊപ്പം എത്തിയിരുന്നു. സ്ഥാനാര്‍ഥി ആയശേഷമുള്ള ചാണ്ടിയുടെ ആദ്യവോട്ട് കൂടിയാണിത്.
ഇടത് സ്ഥാനാര്‍ഥിയായ ജെയ്ക് സി. തോമസ് വോട്ട് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മണര്‍കാട് കണയാംകുന്ന് യുപി സ്കൂളിലാണ് അദ്ദേഹം വോട്ട് ചെയ്തത്. എൻഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാല്‍ പുതുപ്പള്ളിയില്‍ വോട്ടില്ല.
Leave A Comment