മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം : മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി. ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലൻസിന് അനുമതി നൽകിയത്. വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി. ആഭ്യന്തര സെക്രട്ടറി ഉത്തരവിക്കി.
മാത്യു കുഴൽനാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കപ്പിത്താൻസ് റിസോർട്ടിന് കഴിഞ്ഞ ദിവസം ചിന്നക്കനാൽ പഞ്ചായത്ത് ഹോം സ്റ്റേ ലൈസൻസ് പുതുക്കി നൽകിയിരുന്നു. ലൈസൻസിൻറെ കാലാവധി മാർച്ച് 31 ന് അവസാനിച്ചിരുന്നു. തുടർന്ന് അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകാൻ അപേക്ഷ നൽകി. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോർഡിൻറെ സർട്ടിഫിക്കറ്റും ഹാജരാക്കാൻ നിദ്ദേശം നൽകി. ഇവ ഹാജരാക്കിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ലൈസൻസ് പുതുക്കി നൽകിയത്. മലിനീകരണ നിയന്ത്രണ ബോർഡിൻറെ സർട്ടിഫിക്കറ്റിൻറെ കാലാവധി ഡിസംബർ 31 വരെയായതിനാലാണ് അതു വരെ മാത്രം പുതുക്കി നൽകിയത്.
മുൻപ് ഹോംസ്റ്റേ ലൈസൻസായിരുന്നതിന് കഴിഞ്ഞ സാമ്പത്തിക വർഷം റിസോർട്ട് ലൈസൻസാണ് പഞ്ചായത്ത് അനുവദിച്ചത്. അതിനനുസരിച്ചുള്ള നികുതിയും നൽകുന്നുണ്ട്. ഇത് ക്ലറിക്കൽ പിഴവാണെന്നാണ് പഞ്ചായത്തിൻറെ വിശദീകരണം. റിസോർട്ടിന് ചതുരശ്രയടിക്ക് 90 രൂപയും ഹോസ്റ്റേയ്ക്ക് 60 രൂപയുമാണ് നികുതി നൽകേണ്ടത്. അതേ സമയം പഞ്ചയത്തിൻറെ വസ്തു നികുതി രേഖകളിൽ ഈ കെട്ടിടം റിസോർട്ട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിസോർട്ട് ഹോം സ്റ്റേയായി മാറുന്നതോടെ നികുതിയിലും ഫീസിലും ഇളവ് നൽകുന്ന കാര്യത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് തീരുമാനം എടുക്കേണ്ടത്. കഴിഞ്ഞ അഞ്ചു മാസമായി ലൈസൻസില്ലാതെയാണ് റിസോർട്ട് പ്രവർത്തിച്ചിരുന്നത്.
Leave A Comment