ജില്ലാ വാർത്ത

കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

ചാലക്കുടി: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. തൃശൂര്‍ കൊരട്ടി ദേശീയപാതയില്‍ ഇന്നു പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. കാറില്‍ ഉണ്ടായിരുന്നവര്‍ പെട്ടെന്ന് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. 

തിരുവനന്തപുരം സ്വദേശി ഷാജിയാണ് വാഹനം ഓടിച്ചിരുന്നത്. തൃശൂര്‍ ഭാ​ഗത്തു നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു കാര്‍ യാത്രക്കാര്‍. കൊരട്ടിക്ക് മുമ്പ് മുരിങ്ങൂരില്‍ വെച്ച് കാറില്‍ നിന്നും കരിഞ്ഞ മണം വരുന്നതും പുക ഉയരുന്നതും കണ്ട് യാത്രക്കാര്‍ ഉടന്‍ തന്നെ കാര്‍ നിര്‍ത്തി പുറത്തിറങ്ങി.

ഇതിനു പിന്നാലെ കാര്‍ കത്തിയമര്‍ന്നു. ചാലക്കുടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീ അണച്ചത്. തുടര്‍ന്ന് നടുറോഡില്‍ നിന്നും കാര്‍ റോഡരികിലേക്ക് മാറ്റി. കാര്‍ കത്താനിടയാക്കിയത് എന്താണെന്ന് വ്യക്തമല്ല. ഇതേക്കുറിച്ച് വിശദമായ പരിശോധന വേണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

Leave A Comment