ജില്ലാ വാർത്ത

കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് തുടങ്ങി

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിലെ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. ആദ്യം പ്രതിയുടെ ആലുവ അത്താണിയിലുള്ള കുടുംബ വീട്ടിലാണ് തെളിവെടുപ്പ് ആരംഭിച്ചത്. ഇന്ന് രാവിലെ 9.30ഓടെയാണ് ആലുവയിലെ അത്താണിയിലെ കുടുംബ വീട്ടില്‍ പ്രതിയെ എത്തിച്ചത്. വലിയ പൊലീസ് സുരക്ഷയിലാണ് പ്രതിയെ ഇവിടേക്ക് എത്തിച്ചത്. അത്താണിയിലെ കുടുംബവീട്ടിലാണ് ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ ഇയാള്‍ സൂക്ഷിച്ചിരുന്നത്. ഇവിടെ ഉടമസ്ഥനായ ഡൊമിനിക് മാര്‍ട്ടിന്‍ വന്നുപോകുന്ന സമീപവാസികളുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ സൂക്ഷിച്ചശേഷം സ്ഫോടനം നടത്തിയ അന്ന് പുലര്‍ച്ചെ ഈ വീടിന്‍റെ ടെറസില്‍ വെച്ചാണ് ബോംബ് ഉണ്ടാക്കുന്നതെന്നാണ് പ്രതിയുടെ മൊഴി.

ദേശീയ പാതയോട് തൊട്ടുചേര്‍ന്ന ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള ഇരുനില വീട്ടിലാണ് പൊലീസ് പ്രതിയുമായി എത്തി തെളിവെടുപ്പ് നടത്തിയത്. ബോംബ് നിര്‍മാണത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കുകയും നിര്‍മിക്കുകയും ചെയ്ത സ്ഥലമായതിനാല്‍ നിര്‍ണായകമാണ് അത്താണിയിലെ തെളിവെടുപ്പ്. ഇവിടെ വെച്ച് ബോംബ് ആദ്യം പരീക്ഷിച്ചിരുന്നോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.വിശദമായ തെളിവെടുപ്പാണ് അത്താണിയിലെ വീട്ടില്‍ നടക്കുന്നത്. 

പത്തുവര്‍ഷമായി പ്രതി ഡൊമിനിക് മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള വീടാണിത്. പലര്‍ക്കായി വാടക്ക് നല്‍കിവരുകയായിരുന്നു. സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് വീട്ടിലെ ഒറ്റമുറികളില്‍ വാടകക്ക് കഴിഞ്ഞിരുന്നത്. ജീവനക്കാരെയും മൊഴിയെടുക്കാനായി പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. പല ഷിഫ്റ്റുകളിലായി വന്നുപോകുന്ന ജീവനക്കാരാണ് ഇവിടെ താമസിക്കുന്നത്. കുറച്ചുദിവസമായി വീട്ടില്‍ പെയിന്‍റിങ് ജോലികള്‍ നടക്കുന്നതിനാല്‍ വാടകക്കാര്‍ക്കും അയല്‍ക്കാര്‍ക്കും ഉടമസ്ഥന്‍ വീട്ടില്‍ വന്നുപോകുന്നതില്‍ സംശയമുണ്ടായിരുന്നില്ല.സ്ഫോടനത്തിന്‍റെ ആസൂത്രണം അടക്കം ഇവിടെവെച്ചാണ് നടന്നത്.  പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ശാസ്ത്രീയ തെളിവ് അടക്കം ശേഖരിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ അത്താണിയിലെ തെളിവെടുപ്പ് കൂടുതല്‍ സമയമെടുത്തേക്കുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അത്താണിയിലെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം കളമശ്ശേരിയിലെ സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്‍ററിലെത്തിച്ച് പ്രതിയെ തെളിവെടുക്കും. ഇതിനുശേഷമായിരിക്കും പ്രതി താമസിച്ചിരുന്ന തമ്മനത്തെ വീട്ടില്‍ തെളിവെടുപ്പ് നടത്തുക. കൊച്ചി ഡിസിപി എസ് ശശിധരന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നത്. അതേസമയം, കളമശ്ശേരി സ്ഫോടനത്തിൽ അന്വേഷണ സംഘം തുടരന്വേഷണ പ്ലാൻ തയ്യാറാക്കി. ഇന്നലെ അർധരാത്രി വരെ നീണ്ട യോഗത്തിലാണ് തീരുമാനം. പ്ലാന്‍ അനുസരിച്ച്  പ്രതി ഡൊമിനികിന്‍റെ മൊഴികൾ സാധൂകരിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ തേടും.

Leave A Comment