ജില്ലാ വാർത്ത

ആലുവ കേസ്; പ്രതി അസ്ഫാക് ആലത്തിന്‍റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍

കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരി  അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട് കേസിലെ പ്രതി അസ്ഫാക് ആലത്തിന്‍റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. മുദ്രവെച്ച കവറിലാണ് അസ്ഫാക് ആലത്തിന്‍റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍, ആലുവ ജയില്‍ അധികൃതര്‍, ജില്ലാ പ്രൊബേഷനറി ഓഫീസര്‍ എന്നിവരാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനിടെ ഇരയുടെ കുടുംബവും കോടതിയിലെത്തി. ശിക്ഷയുടെ കാര്യത്തില്‍ കുടുംബത്തിന് പറയാനുള്ളതും രേഖാമൂലം കോടതിയെ അറിയിച്ചു. 

നേരത്തെ അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയതിനൊപ്പം പ്രതിയുടെ മാനസിക പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. പ്രതി കുറ്റക്കാരനെന്ന് വിധിച്ച ശേഷമാണ് പ്രതിഭാഗം മാനസിക നില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. സമാനതകളില്ലാത്ത ക്രൂരതയാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും വാദിച്ച പ്രൊസിക്യൂഷൻ പ്രതിക്ക് യാതൊരു മാനസിക പ്രശ്നവും ഇല്ലെന്നും പറഞ്ഞിരുന്നു. തുടര്‍ന്നാണ് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

Leave A Comment