ജില്ലാ വാർത്ത

കൊടി സുനിയെ ജയിൽ മാറ്റി; മാറ്റം വിയ്യൂരില്‍ നിന്ന് തവനൂരിലെക്ക്

വിയ്യൂർ: ആർഎംപി നേതാവായിരുന്ന ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയെ ജയിൽ മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്ന് തവനൂർ ജയിലിലേക്കാണ് കൊടി സുനിയെ മാറ്റിയത്. ജയിലിൽ നടന്ന സംഘർഷത്തിന്റെ പേരിലാണ് മാറ്റമെന്നാണ് വിവരം. ഉത്തരമേഖല ജയിൽ ഡി.ഐ.ജിയുടെ കീഴിലാണ് തവനൂർ ജയിൽ പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള നീക്കമുണ്ടെന്നാണ് സൂചന.

കൊടി സുനിയുടെ നേതൃത്വത്തിലാണ് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ തടവുപുള്ളികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചതെന്നാണ് എഫ്ഐആർ. മൂന്ന് ജയിൽ ജീവനക്കാർക്കും ഒരു പ്രതിക്കും ജയിലിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റു. കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, മിബു രാജ് തുടങ്ങിയ പത്തോളം തടവുകാരായിരുന്നു സംഘര്‍ഷത്തിൽ ജയിൽ ജീവനക്കാരെ മർദ്ദിച്ചത്. ജയില്‍ ജീവനക്കാരായ അര്‍ജുന്‍, ഓംപ്രകാശ്, വിജയകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

Leave A Comment