ജില്ലാ വാർത്ത

പൊലീസ് സ്റ്റേഷന് ബോംബ് ഭീഷണി; പ്രതി പിടിയില്‍

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഫോൺ വഴി വ്യാജ ബോംബ് ഭീഷണി. കോതമംഗലം പൊലീസ് സ്റ്റേഷന് ആണ് ഭീഷണി. സംഭവത്തില്‍ കോതമംഗലം ചെറുവട്ടൂർ സ്വദേശി ഹനീഫ് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

രാവിലെ 10 മണിയോടെ തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലേക്കാണ് കോതമംഗലം പോലീസ് സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഫോണ്‍കോള്‍ എത്തുന്നത്. ഭീഷണി സന്ദേശം ലഭിച്ച ഉടനെ പോലീസ് അന്വേഷണം ആരംഭിക്കുകയും സ്‌റ്റേഷനില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയും ചെയ്തു. ഇതോടെ വ്യാജ ഭീഷണിയാണെന്ന് മനസ്സിലായി.

ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹനീഫ് പിടിയിലാകുന്നത്. എന്തിനാണ് ഇയാള്‍ ഇങ്ങനെയൊരു വ്യാജ ഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല. പുത്തന്‍കുരിശ് ഡിവൈ.എസ്.പിയടക്കം ഹനീഫിനെ ചോദ്യം ചെയ്തുവരികയാണ്.

Leave A Comment