ജില്ലാ വാർത്ത

'സിപിഎമ്മിന് കരുവന്നൂരിൽ 5 അക്കൗണ്ടുകൾ'; ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇ ഡി നോട്ടീസ്

കൊച്ചി : കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ്. ഈ മാസം 19 ന്  ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. മൂന്നാം തവണയാണ് വർഗീസിന് നോട്ടീസ് അയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാൻ സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. കരുവന്നൂർ ബാങ്കിലെ സി പി എം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ഇ ഡി ചോദ്യം ചെയ്യുന്നത്. സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇ ഡി ആരോപിക്കുന്നത്. 5 അക്കൗണ്ടുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഒരോ അക്കൗണ്ട് വഴിയും അരക്കോടിയുടെ വരെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇഡി പറയുന്നു.

കരുവന്നൂർ നിക്ഷേപത്തട്ടിപ്പിൽ സിപിഎമ്മിനും കമ്മീഷൻ ലഭിച്ചെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പറയുന്നത്. പാര്‍ട്ടി അക്കൗണ്ടുകൾ വഴി നടന്നത് ബെനാമി ലോണുകളുടെ കമ്മിഷൻ തുകയുടെ കൈമാറ്റമാണ്. ബാങ്ക് ക്രമക്കേട് പുറത്തായത്തിന് പിന്നാലെ പാര്‍ട്ടി അക്കൗണ്ടിൽ നിന്ന് 90 ശതമാനം തുകയും പിൻവലിച്ചുവെന്നും ഇഡി പറയുന്നു. എന്നാൽ അക്കൗണ്ടിലെ പണമിടപാട് വിവരങ്ങള്‍ കൈമാറാൻ സിപിഎം തയ്യാറായില്ല. നേരത്തെ ചോദ്യംചെയ്യലിനിടെ അക്കൗണ്ടിലെ പണത്തിന്റെ വിവരം കൈമാറാതെ ഒഴിഞ്ഞുമാറിയ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് മൊഴി നൽകിയത്.

Leave A Comment