ജില്ലാ വാർത്ത

ഗുരുവായൂർ കല്യാണം; സോഷ്യൽ മീഡിയയിൽ അടിയോടടി

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത് സൂപ്പർ ഹിറ്റാക്കിയ സുരേഷ്‌ ഗോപിയുടെ മകളുടെ കല്യാണം സോഷ്യൽ മീഡിയയിൽ വൈറൽ. വിവാഹ ഫോട്ടോകളും താരങ്ങളുടെ ഭാവപ്രകടനങ്ങളും വേറെ ലെവലിൽ എത്തിയതോടെ പതിവുപോലെ എതിർത്തും അനുകൂലിച്ചും ഇടയ്ക്ക് 'പച്ചയ്ക്ക് വർഗീയത' പറഞ്ഞുമാണ് സോഷ്യൽ മീഡിയ കത്തിനിൽക്കുന്നത്.

മലയാളത്തിലെ പ്രിയ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങളുടെ പേരിലാണ് പ്രധാനമായും ചേരിതിരിഞ്ഞ് പരാമർശങ്ങൾ കമന്റ് ബോക്സുകൾ നിറഞ്ഞുനിൽക്കുന്നത്. വിവാഹം നടന്ന ഗുരുവായൂരിൽ പ്രധാനമന്ത്രിയെ നമിച്ച് മോഹൻലാൽ നിൽക്കുമ്പോൾ തൊട്ടടുത്ത് മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രം ട്രോളാക്കി പ്രചരിപ്പിക്കുകയാണ് ചിലർ. 'ഇതാടാ മമ്മൂട്ടി' എന്നു ചൂണ്ടിക്കാട്ടി തലകുനിച്ച് നിൽക്കുന്നവരെല്ലാം വിധേയരാണെന്ന മട്ടിലാണ് പ്രചാരണം.

എന്നാലിതിന് മറുപടിയായി മമ്മൂട്ടി പ്രധാനമന്ത്രിയെ കൈകൂപ്പി വണങ്ങുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ മറുവിഭാഗവും രംഗത്തെത്തുന്നു. മോഹൻലാൽ- മമ്മൂട്ടി എന്നിവരുടെ മതങ്ങൾ ചികഞ്ഞ് നടത്തുന്ന ഇത്തരം പോസ്റ്റുകൾക്കെതിരേ ശക്തമായ പ്രതികരണവുമായി നിഷ്‌പക്ഷരും എത്തിയതോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുടെ പ്രളയമായി.

ഗുരുവായൂരിലേക്ക് പ്രവേശിക്കവേ മോഹൻലാലിന് മെറ്റൽ ഡിറ്റക്ടർ പരിശോധന ഒഴിവാക്കിയതും മമ്മൂട്ടിയെ പരിശോധിക്കുന്നതുമായ ചിത്രങ്ങളാണ് മറ്റൊന്ന്. എന്നാൽ സ്വന്തം മകളുടെ വിവാഹത്തിന് എത്തിയ സുരേഷ് ഗോപിയെ പോലും പരിശോധിച്ചാണ് കടത്തിവിട്ടതെന്നു പറഞ്ഞ് ആ ചിത്രം സഹിതം മറുപടി നൽകുകയാണ് ഒരു വിഭാഗം. മോഹൻലാൽ കേണൽ പദവി വഹിക്കുന്നയാളായതിനാലാണ് പരിശോധന നടത്താതിരുന്നതെന്ന വാദവും ഇവർ ഉയർത്തുന്നു.

സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് മറ്റ് വിവാഹങ്ങൾ മാറ്റിവച്ചെന്ന ആരോപണത്തിന് പ്രധാനമന്ത്രി മറ്റ് വധുവരൻമാരെ അനുഗ്രഹിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മറുപടി നൽകുന്നതിനും സോഷ്യൽ മീഡിയ സാക്ഷിയായി.

Leave A Comment