കോടികൾ തട്ടി ടിഗ് നിധി; ടി. സിദ്ദിഖിൻ്റെ ഭാര്യയും പ്രതി
കോഴിക്കോട്: കോടികൾ തട്ടി കോഴിക്കോട് ആസ്ഥാനമായ ടിഗ് നിധി പ്രവൈറ്റ് ലിമിറ്റഡ്. തട്ടിപ്പ് കേസിൽ ടി. സിദ്ദിഖ് എംഎൽഎയുടെ ഭാര്യയെ ഉൾപ്പെടെ പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിക്ഷേപകരിൽ നിന്നു 20 കോടിയോളം രൂപ ധനകാര്യ സ്ഥാപനം തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ നടക്കാവ് പോലീസാണ് സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസക്കെതിരെ കേസെടുത്തത്. അതേസമയം കമ്പനി ഉടമകൾക്കായും പോലീസ് അന്വേഷണം ആരംഭിച്ചു.
കൂടുതൽ കോൺഗ്രസ് നേതാക്കൾക്ക് ടിഗ് നിധി തട്ടിപ്പിൽ ബന്ധമുണ്ടെന്ന രീതിയിലാണ് അന്വേഷണം നടക്കുന്നത്. നടക്കാവ് സ്വദേശിയായ നിക്ഷേപകയുടെ പരാതിയെത്തുടർന്നാണ് കേസെടുത്തത്.
കേസിൽ നാലാം പ്രതിയാണ് ഷറഫുന്നീസ. കമ്പനിയിലെ പ്രധാന ജീവനക്കാരിയായിരുന്നു ഇവർ. ഇവരുൾപ്പെടെ അഞ്ച് പേർക്കെതിരേയാണ് വഞ്ചനാക്കുറ്റത്തിന് നടക്കാവ് പോലീസ് കേസെടുത്തത്.
ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം പറഞ്ഞും നിക്ഷേപത്തിൻമേൽ ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌തുമായിരുന്നു തട്ടിപ്പെന്ന് ജീവനക്കാരും നിക്ഷേപകരും പറയുന്നു.
Leave A Comment