ജില്ലാ വാർത്ത

'ബാറിൽ നിന്നിറങ്ങുന്നവരെ പിടിക്കരുത്', മലപ്പുറം പൊലീസ് ഉത്തരവ്! പുലിവാലായി, റദ്ദാക്കി

മലപ്പുറം: മദ്യപിക്കുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന ബാർ ഉടമകളുടെ പരാതിയിൽ പ്രത്യേക സർക്കുലർ ഇറക്കി മലപ്പുറം ജില്ലാ പോലീസ് മേധാവി പുലിവാല് പിടിച്ചു. ബാറിൽ നിന്നും മദ്യപിച്ച് പുറത്തിറങ്ങുന്നവരെ പൊലീസ് ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ബാർ ഉടമകളുടെ പരാതി. ഈ പരാതിയിൽ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ, ഡി വൈ എസ് പിമാർക്കും എസ് എച്ച് ഒമാർക്കും നൽകിയ സർക്കുലറാണ് വിവാദമായത്.

'അംഗീകൃത ബാറുകളുടെ ഉളളില്‍ നിന്നോ അവയുടെ അധികാര പരിധിയില്‍ നിന്നോ മദ്യപിച്ച്‌ ഇറങ്ങുന്നവരെ പിടികൂടാൻ പാടില്ല' എന്നായിരുന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി, ഡി വൈ എസ് പിമാർക്കും എസ് എച്ച് ഒമാർക്കും നൽകിയ സർക്കുലറിൽ പറഞ്ഞിരുന്നത്. സർക്കുലർ പുറത്തുവന്നതോടെ വലിയ പുലിവാലായി മാറുകയായിരുന്നു. അബദ്ധം മനസിലായതോടെ ഈ സർക്കുലർ റദ്ദാക്കി. വാക്കുകള്‍ ദുർവ്യാഖ്യാനം ചെയ്യാൻ സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് സർക്കുലർ റദ്ദാക്കിയതെന്നും മലപ്പുറം എസ് പി ശശിധരൻ അറിയിച്ചു. പുതുക്കിയ നിർദേശം പിന്നീട് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. പറ്റിയത് 'ക്ലറിക്കല്‍ മിസ്റ്റേക്ക്' ആണെന്നും അതിനാലാണ് പിൻവലിക്കുന്നതെന്നും എസ് പി വിശദീകരിച്ചിട്ടുണ്ട്.

Leave A Comment