തെച്ചിക്കോട്ടുകാവ് രാമചന്ദ്രനരികെ ആനയെ നിർത്തുന്നതിൽ തർക്കം; ഉത്സവപ്പറമ്പിൽ സംഘർഷം
തൃശൂർ: കുന്നംകുളം കാവിലക്കാട് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ദേശക്കാർ തമ്മിലടിച്ചു. ആനയെ വരിയിൽ നിർത്തുന്നത് ചൊല്ലിയായിരുന്നു തെക്കുംഭാഗം ചിറ്റന്നൂർ ദേശവും സമന്വയ ചിറ്റന്നൂർ ദേശവും തമ്മിൽ ഉത്സവത്തിന് ഏറ്റുമുട്ടിയത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഘർഷം. തൃക്കടവൂർ ശിവരാജുവിനെയും ചിറക്കൽ കാളിദാസനെയും ഉത്സവത്തിന് നിർത്തുന്നതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.
ചിറ്റന്നൂർ കാവിലക്കാട് ക്ഷേത്രത്തിലെ ഉത്സവമായിരുന്നു ഇന്നലെ. പൂരത്തിൽ കേരളത്തിൽ നിന്ന് വിവിധയിടങ്ങളിലുള്ള തലപ്പൊക്കമുള്ള ആനകളെ പങ്കെടുപ്പിച്ചിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയുൾപ്പെടെ പൂരത്തിനെത്തിച്ചിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നടുവിൽ നിർത്തി തൃക്കടവൂർ ശിവരാജുവിനെയും ചിറക്കൽ കാളിദാസനെയും അടുത്ത് നിർത്താനുള്ള ശ്രമങ്ങളാണ് സംഘർഷത്തിലേക്ക് നയിച്ചത്. രണ്ടാമത്തെ തലപ്പൊക്കമുള്ള ആന ചിറക്കൽ കാളിദാസനാണെന്ന് ഉത്സവക്കമ്മറ്റിക്കാർ വാദിച്ചു. ഇത് സമ്മതിക്കാതെ വന്നത് സംഘർഷത്തിനിടയാക്കുകയായിരുന്നു. സംഘർഷം ഉടലെടുത്തതോടെ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെയുൾപ്പെടെയുള്ള ആനകളെ പാപ്പാൻമാർ പിറകിലോട്ട് മാറ്റിയത് വലിയ അപകടം ഒഴിവാക്കി. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Leave A Comment