എച്ചിപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയായ വയോധികന് പരിക്ക്
പാലപ്പിള്ളി: എച്ചിപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയായ വയോധികന് പരിക്കേറ്റു. എച്ചിപ്പാറ പാലിശ്ശേരി വീട്ടില്‍ 78 വയസുള്ള അലവിക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. വീട്ടുപറമ്പിലെ റബ്ബര്‍മരങ്ങള്‍ ടാപ്പിംഗ് ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. കുട്ടിയുമായെത്തിയ കാട്ടാനയുടെ മുന്നില്‍പ്പെട്ട അലവി ഓടിയെങ്കിലും പിന്തുടര്‍ന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു.
തുമ്പികൊണ്ട് അലവിയുടെ കൈയ്യില്‍ പിടികൂടിയ ആന ഇയാളെ പുഴയിലേക്ക് തട്ടിയിടുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അലവിക്ക് കൈക്കും തോളിലും പരിക്കേറ്റു.
വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അലവിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചാലക്കുടി ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി. ജനവാസ മേഖലയില്‍ കാട്ടാന ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വനപാലകര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതേസമയം പാലപ്പിള്ളി പിള്ളത്തോട് പരിസരത്ത് ഇന്നും ആനക്കൂട്ടം നിലയുറപ്പിച്ചത് വഴിയാത്രക്കാരെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനകള്‍ വഴിയാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്തുവെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല.
Leave A Comment