ജില്ലാ വാർത്ത

'5 ലക്ഷം ഇളവ് നൽകി, കുടുംബത്തെ ഒഴിപ്പിക്കാൻ ശ്രമിച്ചില്ല; വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

തൃശൂർ: ജപ്തി നടപടിയിൽ മനംനൊന്ത് യുവാവ് കാഞ്ഞാണി സ്വദേശി വിഷ്ണു ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. കുടുംബത്തെ ഒഴിപ്പിക്കാൻ ശ്രമിച്ചില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. വായ്പ കുടിശ്ശികയായിട്ട് 8 കൊല്ലമായി. അനുഭാവപൂർവ്വമായിട്ടാണ് കുടുംബത്തോട് പെരുമാറിയത്. ഒറ്റത്തവണ തീർപ്പാക്കലിന് അവസരം നൽകിയിരുന്നു. 5 ലക്ഷത്തിലേറെ രൂപയുടെ ഇളവും നൽകി. കുടിശ്ശിക അടയ്ക്കാൻ ആവശ്യമായ സമയം നൽകിയിരുന്നു. നിയമപരമായ നടപടികൾ മാത്രമേ ബാങ്ക് ചെയ്തിട്ടുള്ളൂ എന്നുമാണ് ബാങ്ക് നൽകുന്ന വിശദീകരണം. 

ഇന്ന് രാവിലെയാണ് വിഷ്ണു കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ബാങ്ക് ആവശ്യപ്പെട്ടത് പ്രകാരം താക്കോൽ കൈമാറി ബന്ധുവീട്ടിലേക്ക് മാറാൻ തയാറെടുക്കുകയായിരുന്നു കുടുബം. കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. 12 വർഷം മുമ്പ് വീട് വയ്ക്കാനായി വിഷ്ണുവിന്റെ കുടുംബം 8 ലക്ഷം രൂപ സൗത്ത് ഇന്ത്യൻ ബാങ്ക് കാഞ്ഞാണി ശാഖയിൽ നിന്ന് വായ്പ എടുത്തിരുന്നു. 8 ലക്ഷത്തി എഴുപത്തിനാലായിരം രൂപ തിരിച്ചടച്ചു. കോവിഡ് പ്രതിസന്ധിയിൽ അടവു മുടങ്ങി കുടിശ്ശികയായി. തിരിച്ചടവ് ആറു ലക്ഷം രൂപ വന്നതോടെ ജപ്തിയായി. വീട് ഒഴിയാൻ ബാങ്ക് ആവശ്യപ്പെട്ടു. ജനപ്രതിനിധികളടക്കം ബാങ്കിനോട് സാവകാശം ചോദിച്ചെങ്കിലും നൽകിയില്ലെനാണ് ആക്ഷേപം. വെൽഡിങ് തൊഴിലാളിയാണ് മരിച്ച വിഷ്ണു.

Leave A Comment