മാളയിൽ നിന്ന് അങ്കമാലിയിലേക്ക് രോഗിയുമായി പോയിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു
കൊരട്ടി: കൊരട്ടി ചിറങ്ങരയിൽ രോഗിയുമായി പോയിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. മാളയിലെ ആശുപത്രിയിൽ നിന്ന് അങ്കമാലിയിലെ ആശുപത്രിയിലേക്ക് രോഗിയുമായി പോയിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് അപകടത്തിൽപ്പെട്ട സ്ഥലത്ത് അപകടങ്ങൾ നിത്യ സംഭവമാണെന്ന് നാട്ടുകാർ പറയുന്നു.
ഇന്ന് പുലർച്ചെ ദേശീയപാത കൊരട്ടി ചിറങ്ങര സിഗ്നലിനടുത്ത വളവിൽ വെച്ചായിരുന്നു അപകടം. കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് ദേശീയപാതയ്ക്ക് നടുവിലെ കോൺക്രീറ്റ് കാനയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. മാള കുണ്ടായിയിലെ ആശുപത്രിയിൽ നിന്ന് രോഗിയുമായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
അപകടത്തിൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് മറ്റൊരു വാഹനത്തിൽ രോഗിയെ അങ്കമാലിയിൽ ആശുപത്രിയിൽ എത്തിച്ചു. ആംബുലൻസ് അപകടത്തിൽപ്പെട്ട ചിറങ്ങര സിഗ്നലിനടുത്ത വളവ് നിരന്തര അപകടമേഖല എന്ന് നാട്ടുകാർ പറയുന്നു.
മഴപെയ്താൽ ഇവിടെ റോഡിൽ വെള്ളം കെട്ടിനിൽക്കും . ഇതോടെ വലിയ വാഹനങ്ങൾ ഉൾപ്പെടെ റോഡിൽ നിന്നും തെന്നി പോവുകയാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡിന്റെ അശാസ്ത്രീയ നിർമ്മാണമാണ് ഇവിടത്തെ അപകടങ്ങൾക്ക് കാരണമെന്നാണ് ആരോപണം. കഴിഞ്ഞ മഴക്കാലത്ത് മാത്രം ഇതേ സ്ഥലത്ത് 15 ഓളം അപകടങ്ങൾ നടന്നതായി പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞദിവസം ഗതാഗത മന്ത്രി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പഠിക്കാനായി ചാലക്കുടിയിൽ നിന്നും അരൂർ വരെ യാത്ര നടത്തിയിരുന്നു. ഇതിനിടെ ഈ അപകടമേഖലയിൽ എത്തുകയോ, പരിശോധിക്കുകയോ ചെയ്തില്ലെന്നും ഇവിടെത്തുകാർ കുറ്റപ്പെടുത്തുന്നു.
Leave A Comment