ജില്ലാ വാർത്ത

വോട്ടെണ്ണലിന് സജ്ജമായി തൃശൂർ; കൗണ്ടിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ ഗവ. എന്‍ജിനീയറിങ് കോളജിലാണ് നടക്കുക. ജൂണ്‍ നാലിന് രാവിലെ ഏഴിന് സ്‌ട്രോംഗ് റൂം തുറക്കും. വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ രാവിലെ ആറിന് അതത് കേന്ദ്രങ്ങളില്‍ ഹാജരാകണം. ജീവനക്കാര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. വോട്ടെണ്ണല്‍ ഡ്യൂട്ടിക്കുള്ള ആദ്യഘട്ട റാന്‍ഡമൈസഷന്‍ കഴിഞ്ഞു. 

 രണ്ടാംഘട്ട റാന്‍ഡമൈസേഷനില്‍ നിയമസഭാ മണ്ഡലവും കഴിഞ്ഞദിവസം നിര്‍ണയിച്ചു. അവസാനത്തെ റാന്‍ഡമൈസേഷനിലാണ് ഏത് ടേബിളിലാണ് ഡ്യൂട്ടിയെന്ന് അറിയുക. വെളുപ്പിന് അഞ്ചിനാണ് അവസാനഘട്ട റാന്‍ഡമൈസേഷന്‍ നടക്കുക. വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക റൂമില്‍ ജീവനക്കാര്‍ക്ക് ഫോണുകളും മറ്റ് സാധനങ്ങളും സൂക്ഷിക്കാം. റിസര്‍വ് ഉള്‍പ്പെടെ 546 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.

*ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റ്*

രാവിലെ എട്ടിന് പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങും. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെ ലഭിച്ച തപാല്‍ വോട്ടുകള്‍ 11392 ആണ്. 85 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാർ ഉള്‍പ്പെട്ട ആബ്സന്റീ വോട്ടര്‍മാര്‍- 5968, ഭിന്നശേഷിക്കാര്‍- 2906, അവശ്യസര്‍വീസ് ജീവനക്കാര്‍- 257, വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ -1926 എന്നിങ്ങനെ തപാല്‍ വോട്ടുകള്‍ ലഭിച്ചു. സര്‍വീസ് വോട്ടര്‍മാരില്‍ (ഇടിപിബിഎസ്) ഇതുവരെ 335 തപാല്‍ വോട്ടുകളും ലഭിച്ചു. ഇന്ന് (ജൂണ്‍ 4) രാവിലെ എട്ടുവരെ ഇടിപിബിഎസ് സ്വീകരിക്കും. 

മൂന്ന് ഹാളുകളിലായി 10 ടേബിളുകള്‍ വീതം 30 ടേബിളുകളാണ് പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി ക്രമീകരിച്ചിരിക്കുന്നത്. ഇടിപിബിഎസ് വോട്ടുകള്‍ സ്‌കാന്‍ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ടു ടേബിളുകളിലായി പ്രീ കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരും അസിസ്റ്റന്റുമാരും മൈക്രോ ഒബ്‌സര്‍വരെയും നിയോഗിച്ചു. റിസര്‍വ് മെഷീനുകളും സജ്ജമാണ്. ഓരോ ടേബിളിലും എ.ആര്‍.ഒമാര്‍ മേല്‍നോട്ടം വഹിക്കും.

*8.30 മുതല്‍ ഇ.വി.എം എണ്ണും*

8.30 നാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ മെഷീനുകള്‍ എണ്ണി തുടങ്ങുക. ഇവിഎം മെഷീനുകള്‍ എണ്ണുന്ന ഓരോ മേശയിലും മൈക്രോ ഒബ്‌സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്ന് ഉദ്യോഗസ്ഥരുണ്ടാകും. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിനായി 155 മൈക്രോ ഒബ്‌സര്‍വര്‍, 155 കൗണ്ടിങ് സൂപ്പര്‍വൈസര്‍, 191 കൗണ്ടിങ് അസിസ്റ്റന്റ് എന്നിവര്‍ക്ക് പുറമെ 45 എ.ആര്‍.ഒ മാരെയും അധികമായി നിയോഗിച്ചിട്ടുണ്ട്. ഒരേസമയം എല്ലാ നിയോജകമണ്ഡലങ്ങളിലെയും വോട്ടുകള്‍ എണ്ണിത്തുടങ്ങും.

*വോട്ടെണ്ണല്‍ - റൗണ്ടുകള്‍*

ഓരോ നിയമസഭാ മണ്ഡലത്തിലെയും വോട്ടുകള്‍ ഓരോ ഹാളിലാകും എണ്ണുക. ഒരു ഹാളില്‍ 14 ടേബിളുകളായിരിക്കും ഉണ്ടാകുക. സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍. 

_നിയോജക മണ്ഡലം - പോളിങ് ബൂത്തുകള്‍, റൗണ്ടുകള്‍ എന്ന ക്രമത്തില്‍_

ഗുരുവായൂര്‍- 189 (14)
 
മണലൂര്‍- 190 (14)

ഒല്ലൂര്‍- 185 (14)

തൃശൂര്‍- 161 (12)

നാട്ടിക- 180 (14)

ഇരിങ്ങാലക്കുട- 181 (13) 

പുതുക്കാട്- 189 (14)

*ത്രിതല സുരക്ഷ*

മൂന്ന് വലയങ്ങളായാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷ. സ്ട്രോംഗ് റൂം, കൗണ്ടിങ്ങ് ഹാളിന്റെ മുന്‍വശം എന്നിവിടങ്ങളില്‍ കേന്ദ്ര ആംഡ് പോലീസും കേന്ദ്രത്തിന് ചുറ്റും പുറത്തുമായി സംസ്ഥാന പോലീസ്, സംസ്ഥാന ആംഡ് പോലീസിനുമാണ് സുരക്ഷാ ചുമതല. 

*വിവിപാറ്റ്*

മുഴുവന്‍ റൗണ്ടുകളും പൂര്‍ത്തിയായ ശേഷമാണ് വിവിപാറ്റ് മെഷീനുകള്‍ എണ്ണുക. ലോക്സഭാ മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് വീതം വിവിപാറ്റ് മെഷീനുകളിലെ രസീതുകളാണ് എണ്ണുക. വോട്ടിങ് യന്ത്രത്തില്‍ ചെയ്ത വോട്ട് അതേ ചിഹ്നത്തില്‍ തന്നെയാണ് പതിഞ്ഞതെന്ന് ഉറപ്പാക്കാനാണ് വിവിപാറ്റ് മെഷീന്‍. 

*തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 72.9 ശതമാനം പോളിങ്*

പൊതു തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 72.9 ശതമാനം പോളിങ്. 1483055 വോട്ടര്‍മാരില്‍ 1081125 പേര്‍ വോട്ട് രേഖപ്പെടുത്തി. 708317 പുരുഷ വോട്ടര്‍മാരില്‍ 509052 പേരും (71.87%) 774718 സ്ത്രീ വോട്ടര്‍മാരില്‍ 572067 പേരും (73.84%) വോട്ട് ചെയ്തു. 6 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും (30%) സമ്മതിദാനവകാശം വിനിയോഗിച്ചു.

മണ്ഡലം, പുരുഷന്‍, സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍, ആകെ പോള്‍ ചെയ്ത വോട്ട്

ഗുരുവായൂര്‍ - 69512, 85347, 1, 154860

മണലൂര്‍ - 78296, 88760, 0, 167056

ഒല്ലൂര്‍ - 76677, 80645, 0, 157322

തൃശൂര്‍ - 63252, 68604, 0, 131856

നാട്ടിക - 74176, 85404, 3, 159583

ഇരിങ്ങാലക്കുട - 71547, 81560, 2, 153109

പുതുക്കാട് - 75592, 81747, 0, 157339

Leave A Comment