വേഗതയിലെത്തിയ ഒരു ലോറി സിമൻ്റ് കയറ്റിവന്ന ലോറിയെ ഇടിച്ചു, എതിരെ വന്ന ലോറിഡ്രൈവർക്കെതിരെ കേസെടുത്തു
പാലക്കാട്: പനയമ്പാടത്തിൽ സിമന്റ് ലോറി പാഞ്ഞുകയറി 4 വിദ്യാർത്ഥിനികളുടെ മരണത്തിന് കാരണമായ അപകടത്തിൽ എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. വണ്ടൂർ സ്വദേശി പ്രജീഷിനെതിരെയാണ് കേസെടുത്തത്. പ്രജീഷ് അശ്രദ്ധയോടെയും അമിതവേഗത്തിലും വാഹനമോടിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. അമിത വേഗതയിലെത്തിയ ഈ ലോറി സിമൻ്റ് കയറ്റിവന്ന മറ്റൊരു ലോറിയെ ഇടിച്ചാണ് അപകടമുണ്ടായത്. ലോറിക്കടിയിൽ പെട്ട 4 പെൺകുട്ടികളാണ് മരിച്ചത്. ഒരു പെൺകുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. പള്ളിപ്പുറം ഹൗസിലെ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പട്ടേത്തൊടിയിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവളെങ്ങൽ ഹൗസിലെ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ ഹൗസിലെ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ഐഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികൾ.
അതേസമയം, കരിമ്പ ഹയർസെക്കന്ററി സ്കൂളിലെ പൊതുദർശനം ഒഴിവാക്കി. ശേഷം അടുത്തുള്ള ഹാളിലാണ് പൊതുദർശനം. കരിമ്പ ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായും പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
കല്ലടിക്കോട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തിന് കാരണം മറ്റൊരു ലോറിയാണെന്ന് ആര്‍ടിഒ പറഞ്ഞു. അപകടത്തിൽ പെട്ട സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സിമന്‍റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നും ആര്‍ടിഒ പറഞ്ഞു. മറ്റൊരു ലോറി ഇടിച്ചശേഷം ബ്രേക്ക് ചവിട്ടി ലോറി നിര്‍ത്താൻ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
സിമന്‍റ് കയറ്റിയ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തിൽ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഇരുവരുടെയും രക്ത സാമ്പിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. ഇതിനിടെ, അപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തി.
Leave A Comment