ജില്ലാ വാർത്ത

മാനന്തവാടി നഗരസഭയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍; പത്ത് പദ്ധതികളുമായി വനം വകുപ്പ്

കൽപ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തില്‍ ആദിവാസി യുവതി രാധ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ നാളെ മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. നേരത്തെ എസ്ഡിപിഐയും നഗരസഭ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

അതേസമയം, മരിച്ച രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായ അഞ്ച് ലക്ഷം രൂപ കൈമാറി. മന്ത്രിയും കളക്ടറുമടക്കമുള്ളവര്‍ രാധയുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. 11 ലക്ഷം രൂപയാണ് കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ഇതില്‍ അഞ്ച് ലക്ഷമാണ് അടിയന്തര സഹായമായി കൈമാറിയത്.

നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎന്‍എസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.28 കാമറകളും നാല് ലൈവ് കാമറകളും പ്രദേശത്ത് സ്ഥാപിച്ചു. രാത്രിയിലും പ്രദേശത്ത് നിരീക്ഷണം തുടരുമെന്ന് ജില്ലാ കലക്ടര്‍ മേഘശ്രീ അറിയിച്ചു.

കടുവയെ കൂട്ടിലാക്കാന്‍ വനം വകുപ്പ് പത്തിനപരിപാടികളാണ് വനം വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. പഞ്ചാരക്കൊല്ലി മേഖലയില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ തോക്കുകള്‍ ഉപയോഗിച്ച് വനം വകുപ്പ് പരിശോധന നടത്തും. തലപ്പുഴ, വരയാല്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പുല്‍പ്പള്ളിയിലേയും ചെതലയത്തേയം സംഘം ചേരും. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി സംഘം പഞ്ചാരക്കൊല്ലിയിലെത്തും. പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും.

വനമേഖലയിലെ പരിശോധനയ്ക്ക് സാധാരണ ഡ്രോണുകള്‍ക്കൊപ്പം തെര്‍മല്‍ ഡ്രോണും ഉപയോഗിക്കും. സൗത്ത് വയനാട് ഡിവിഷനിലുള്ള ക്യാമറാ ട്രാപ്പുകലും പഞ്ചാരക്കൊല്ലിയില്‍ വിന്യസിപ്പിക്കും. കടുവയെ ആകര്‍ഷിക്കാന്‍ ജീവനുള്ള ഇരകളെ ബന്ധിച്ച കൂടുകള്‍ പഞ്ചാരക്കൊല്ലിയില്‍ സ്ഥാപിക്കും. മുത്തങ്ങ ക്യാംപിലെ കുങ്കി ആനകളെ ദൗത്യത്തിനായി രംഗത്തിറക്കും. മാര്‍ട്ടില്‍ ലോവലാണ് ദൗത്യത്തിന്റെ കമാന്‍ഡര്‍. കെഎസ് ദീപ ദൗത്യത്തിന്റെ മേല്‍നോട്ടം വഹിക്കും.

Leave A Comment