ജില്ലാ വാർത്ത

ആശങ്കയ്ക്ക് നടുവിൽ പെരിയാർ ചാലക്കുടിയാർ തീരദേശവാസികൾ

നെടുമ്പാശ്ശേരി : ജലനിരപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങിയതോടെ പെരിയാറിന്റെയും ചാലക്കുടിയാറിന്റെയും തീരത്ത് താമസിക്കുന്നവർ ആശങ്കയിലായി. നെടുമ്പാശ്ശേരി, കുന്നുകര, ചെങ്ങമനാട്, പാറക്കടവ്, കരുമാല്ലൂർ, പുത്തൻവേലിക്കര പഞ്ചായത്തുകളിൽ പുഴയുടെ സമീപത്ത് താമസിക്കുന്നവരാണ് ഭീതിയിലായത്. ഒരു വശത്ത് പെരിയാറും മറുവശത്ത് ചാലക്കുടിയാറും ഒഴുകുന്ന കുന്നുകര, ചെങ്ങമനാട് പഞ്ചായത്തുകളാണ് കൂടുതൽ പ്രതിസന്ധിയിലായത്.

 വെള്ളപ്പൊക്ക ഭീഷണിയിലായ പ്രദേശങ്ങളിൽ നിന്നുള്ളവരെ രാത്രി വൈകിയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഇതിനായി നിരവധി ക്യാംപുകളും തുറന്നിട്ടുണ്ട്. രണ്ട് ദിവസം മുൻപ് വെള്ളം കയറിയതിനെ തുടർന്ന് ക്യാംപുകളിലെത്തിയവർ വെള്ളം ഇറങ്ങിയതോടെ ബുധനാഴ്ച്ചയാണ് വീടുകളിലേക്ക് മടങ്ങിയിരുന്നത്. ഇവരെ ഇന്നലെ വീണ്ടും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടിവന്നു. ചാലക്കുടിയാറിൽ വൻതോതിൽ ജലനിരപ്പ് ഉയരുമെന്നാണ് ഇന്നലെ ഉച്ചയ്ക്ക് മുതൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. എന്നാൽ പടിഞ്ഞാറൻ പ്രദേശങ്ങളായ ഈ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിൽ വളരെ പതുക്കെയാണ് ജലനിരപ്പ് ഉയരുന്ന പ്രവണത വ്യക്തമായത്.

എന്നാൽ രാത്രിയോടെ ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രവചനങ്ങൾ. ഇതിനിടെ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഏതാണ്ട് രണ്ട് മണി മുതൽ പെരിയാറിൽ അതിവേഗം ജലനിരപ്പ് ഉയരാൻ തുടങ്ങിയതും ജനങ്ങളെ ഭീതിയിലാക്കി. രാത്രി വൈകിയും ചാലക്കുടി പുഴയെ അപേക്ഷിച്ച് പെരിയാറിലാണ് അനിയന്ത്രിതമായി ജലനിരപ്പ് ഉയരുന്ന സ്ഥിതി വ്യക്തമാകുന്നത്.

 ഇന്ന് മുതൽ അറബിക്കടലിൽ വേലിയേറ്റമായിരിക്കുമെന്നും കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയപ്പെടുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഈ സ്ഥിതി കൂടി ഉണ്ടായാൽ ഇരു പുഴകളിലും അതിവേഗം ജലനിരപ്പ് ഉയരാനുള്ള സാധ്യതയും ഉണ്ട്. എന്നാൽ മഴയുടെ ശക്തി കുറഞ്ഞത് കൂടുതൽ ആശ്വാസത്തിന് വക നൽകിയിട്ടുണ്ട്.

Leave A Comment