ജില്ലാ വാർത്ത

പണി തീര്‍ത്ത റോഡിന് ബില്ല് പാസാക്കാന്‍ കൈക്കൂലി; വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ പിടിയിൽ

പാലക്കാട്: നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. കരാറുകാരനില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ പി. സഹനാഥനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. കരാറുകാരനായ  പി.കെ. ഭാസ്കരൻ 2019-20  കാലഘട്ടത്തിൽ നിർമ്മാണമേറ്റടുത്ത് പൂർത്തീകരിച്ച റോഡ് നിർമ്മാണത്തിൻറെ ഇരുപത് ലക്ഷം രൂപയുടെ അന്തിമ ബില്ല് മാറിനൽകുന്നതിനായാണ് സഹനാഥന്‍ കൈക്കൂലി വാങ്ങിയത്. 

ബില്ല് മാറാനായി പഞ്ചായത്തിൻറെ മോണിറ്ററിംഗ്‌ കമ്മിറ്റിയിൽ അംഗമായ പി. സഹനാഥൻ ഒപ്പ് വെക്കണം.  ഈ ഒപ്പ് വെക്കുന്നതിനാണ് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ  മാർച്ചിൽ പഞ്ചായത്തിന് നൽകിയ ബിൽ തുക നാളിതുവരെ മാറിനൽകാത്തതിനെ തുടർന്ന് കരാറുകാരനായ   പി.കെ ഭാസ്കരൻ  അന്വേഷിച്ചപ്പോൾ മോണിറ്ററിംഗ് കമ്മിറ്റി അംഗവും, പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാനുമായ പി. സഹനാഥൻ ഒപ്പിടാത്തതുകൊണ്ടാണ് തനിക്ക് ബില്ല് പാസാവത്തതെന്ന് മനസിലാക്കി.  ഒപ്പിടാത്തതിന്‍റെ കാരണം ചോദിച്ചള്‍ പതിനായിരം രൂപ കൈക്കൂലി നൽകിയാൽ ഒപ്പിടാമെന്ന്  അറിയിക്കുകയുമായിരുന്നു. 

ബില്ല് മാറിയശേഷം കൈക്കൂലി നൽകാമെന്ന് പരാതിക്കാരൻ അറിയിച്ചതിനെ തുടർന്ന്  ഈ മാസമാദ്യം പി.സഹനാഥൻ ബില്ല്‌ ഒപ്പിട്ടു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബിൽ തുക പാസ്സാവുകയും ചെയ്തു. ഇതറിഞ്ഞ പി.സഹനാഥൻ പരാതിക്കാരനായ  ഭാസ്കരനെ ഫോണിൽ വിളിച്ച് കൈക്കൂലി നല്കാമെന്നേറ്റ തുക നൽകാൻ നിർബന്ധിച്ചു. തുടർന്ന്, കരാറുകാരൻ ഈ വിവരം പാലക്കാട് വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി   ഗംഗാധരനെ അറിയിക്കുകയായിരുന്നു.  അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം  ഇന്ന് ഉച്ചയ്ക്ക് ഒന്നേകാൽ മണിയോടെ നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നിൽ കാത്തു നിന്നു. ഇവിടെ വച്ച്  ഭാസ്കരനിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോൾ സഹനാഥനെ കൈയ്യോടെ വിജിലൻസ് സംഘം അറസ്റ് ചെയ്യുകയായിരുന്നു.

Leave A Comment