കേരളവിഷൻ ഫിലിം അവാർഡ് ഡിസംബർ 10ന്; നടൻ മധുവിനെയും സംവിധായകൻ പി ചന്ദ്രകുമാറിനെയും ആദരിക്കും
കൊച്ചി: കേരളവിഷൻ ചാനലിന്റെ 15 ആം വാർഷികത്തോടനുബന്ധിച്ചു ഡിസംബർ 10 നു കൊച്ചി നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച്, കേരളവിഷൻ പ്രഥമ ഫിലിം അവാർഡ് പുരസ്കാര വിതരണവും അനുബന്ധ പരിപാടികളും നടക്കും . മലയാള സിനിമയിൽ നിന്ന് ലഭിച്ച 80 ചിത്രങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളിൽനിന്നായി 33 അവാർഡുകളാണ് നൽകുന്നത്. പ്രശസ്ത സംവിധായകൻ മോഹൻ ചെയർമാൻ ആയിട്ടുള്ള ജൂറി ആണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ചടങ്ങിൽ മലയാള സിനിമയിലെ ഭീഷ്മാചാര്യനായ മധുവിനെ ചലച്ചിത്ര രംഗത്ത് 60 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ആദരിക്കുകയും ഒപ്പം സംവിധായകൻ പി ചന്ദ്രകുമാറിനെയും ആദരിക്കുന്നു. ചലച്ചിത്ര രംഗത്തെ പ്രമുഖരായ ഹരിഹരൻ ,സത്യൻ അന്തിക്കാട്,കമൽ,വിജിതമ്പി,സിബി മലയിൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
കേരളവിഷന്റെ ജീവകാരുണ്യ പദ്ധതിയായ എന്റെ കൺമണിയുടെ സംസ്ഥാന തല ഉദ്ഘാടനവും ഇതോടൊപ്പം നിർവ്വഹിക്കപ്പെടും. കേരളത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ജനിക്കുന്ന നവജാത ശിശുക്കൾക്ക് സൗജന്യമായി ബേബി കിറ്റ് നൽകുന്നതാണ് പദ്ധതി. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത ഗായകനും സംവിധായകനും ആയ നാദിർഷ അവതരിപ്പിക്കുന്ന നാദിർഷോ എന്ന പരിപാടിയും ,എന്റർടൈൻമെന്റ് ഷോകളും ഉണ്ടായിരിക്കുന്നതാണ്.
എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ കെസിബിഎല്‍ മാനേജിംഗ് ഡയറക്ടർ രാജ് മോഹൻ മാമ്പ്ര, ജൂറി ചെയർമാൻ സംവിധായകൻ മോഹൻ, ചലച്ചിത്ര സംവിധായകൻ കെ. ജി വിജയകുമാർ, കെസിബിഎൽ ഡയറക്ടർ രജനീഷ് പി എസ്, കെസിബിഎൽ ഡയറക്ടർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
Leave A Comment