ധനകാര്യസ്ഥാപനത്തിന്റെ ഭീഷണി ; ഗൃഹനാഥൻ ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്തു
കലൂർ:സാമ്പത്തിക ഇടപാടിൽപെട്ട് കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിൽ നാടുവിട്ട ഗൃഹനാഥൻ കർണാടകയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ. കല്ലൂര്‍ മുട്ടിത്തടി കച്ചിറയില്‍ പരേതനായ ജോയിയുടെ മകന്‍ അഭിലാഷാണ് (43) ഗുണ്ടൽപേട്ടിലെ ലോഡ്ജിൽ മരിച്ചത്.
കിടപ്പാടം നഷ്ടപ്പെടുമെന്ന അവസ്ഥയിലും ധനകാര്യസ്ഥാപനത്തിന്റെ നിരന്തരമായുണ്ടായ ഭീഷണിയാണ് അഭിലാഷ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു.
ധനകാര്യ സ്ഥാപനത്തിൻ്റെ സമ്മര്‍ദത്തെ തുടര്‍ന്ന് അഭിലാഷ് 41 ദിവസം മുമ്പ് നാടുവിട്ടിരുന്നു. അഭിലാഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ വരന്തരപ്പിള്ളി പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിവിടെ ശനിയാഴ്ചയാണ് അഭിലാഷിനെ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
അഭിലാഷിന്റെ പേരില്‍ വാങ്ങിയ ലോറി പാസില്ലാതെ തടികയറ്റിയതിന്റെ പേരില്‍ വനപാലകര്‍ പിടികൂടുകയും വായ്പയുടെ തിരിച്ചടവു മുടങ്ങുകയും ചെയ്തിരുന്നു. ഇതോടെ വായ്പയെടുത്ത സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞിരുന്നതായും വീട്ടുകാര്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പാണ് അഭിലാഷും വെള്ളാനിക്കോട് സ്വദേശിയും ചേര്‍ന്ന് ലോറി വാങ്ങിയത്. അഭിലാഷിന്റെ പേരിലായിരുന്നു ലോറി രെജിസ്റ്റര്‍ ചെയ്തത്. ഇതാനായി ധനകാര്യ സ്ഥാപനത്തില്‍ നിന്നും ഏഴര ലക്ഷം രൂപ വായ്പയും എടുത്തിരുന്നു. ഇതിനിടെ മാറമ്പിള്ളി സ്വദേശിയ്ക്കു വേണ്ടി തടി കയറ്റാന്‍ പോയ ലോറി പാസില്ലെന്ന പേരില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ലോറി വിട്ടുകിട്ടാതായപ്പോള്‍ തിരിച്ചടിവിന്റെ ഉത്തരവാദിത്വവും വനംവകുപ്പില്‍ നിന്നും ലോറി തിരിച്ചെടുക്കുകയും ചെയ്യാമെന്നേറ്റ് മാറമ്പിള്ളി സ്വദേശിയുമായി അഭിലാഷ് ലോറിയുടെ വില്‍പന കരാര്‍ എഴുതി. പക്ഷെ, ഇയാള്‍ തിരിച്ചടവ് മുടക്കുകയും വായ്പക്ക് ഈടായി കാണിച്ചിരുന്ന അഭിലാഷിന്റെ തറവാട്ട് വീടും ഭൂമിയും ധനകാര്യ സ്ഥാപനം അറ്റാച്ച് ചെയ്‌യുകയും ചെയ്തു.
പങ്കാളികളായ വെള്ളാനിക്കോട്, മാറമ്പിള്ളി സ്വദേശികള്‍ക്കെതിരെ ആത്മഹത്യകുറിപ്പ് കണ്ടെടുത്തതായും ബന്ധുക്കള്‍ പറഞ്ഞു. ഇവരുടെയും കൊലപാതകത്തിന് ധനകാര്യ സ്ഥാപന അധികൃതരുടെയും പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
Leave A Comment