ജില്ലാ വാർത്ത

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

വിളപ്പിൽ: പശുതൊഴുത്തിലെ സ്വിച്ച്‌ബോർഡിൽ നിന്ന്‌ ഷോക്കേറ്റ്‌ ഭിന്നശേഷിക്കാരനായ യുവാവ്‌ മരിച്ചു. വിളവൂർക്കൽ ഈഴക്കോട് ചെറുമുറി ഷാലോം നിവാസിൽ എസ് എസ് ഷിജിനാണ്‌(23) മരിച്ചത്‌. ബുധൻ പകൽ 1.30 ഓടെയാണ് സംഭവം. പശുതൊഴുത്തിൽ അച്ഛൻ ഷാജിയോടൊപ്പം ജോലി ചെയ്യുകയായിരുന്നു ഷിജിൻ.

ചാർജ് ചെയ്യാനിട്ടിരുന്ന ഫോൺ എടുക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഷിജിനെ കമ്പ് കൊണ്ട് തട്ടിമാറ്റിയ ശേഷം ഷാജി കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഷാജിക്കും ഷോക്കേറ്റിരുന്നു. മലയിൻകീഴ് പൊലീസെത്തി വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave A Comment