ജില്ലാ വാർത്ത

സിപിഎം ഭരിക്കുന്ന ബാങ്കിൽ ഷട്ടർ അടച്ചിട്ടിരുന്ന് ജീവനക്കാർ ജോലി ചെയ്തെന്ന് ആരോപണം, പ്രതിഷേധം

തൃശ്ശൂര്‍: പണിമുടക്കിനിടെ, തൃശൂരില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ജീവനക്കാര്‍ ഷട്ടര്‍ അടച്ചിട്ടിരുന്ന് ജോലി ചെയ്യുന്നതായി ആരോപണം. തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് ജീവനക്കാര്‍ ജോലിക്ക് കയറിയത്. ഇതേത്തുടര്‍ന്ന് പണിമുടക്കിന് ആഹ്വാനം ചെയ്ത ശേഷം സിപിഎം യൂണിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ ജോലിക്ക് കയറിയെന്ന ആരോപണവുമായി ബിജെപി അടക്കമുള്ളവര്‍ രംഗത്തെത്തി.

കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ട്, സിപിഎം ഭരിക്കുന്ന ബാങ്കില്‍ ഇന്നലെ രാവിലെ മുതല്‍ എല്ലാവരും തൊഴിലെടുത്തുകൊണ്ടിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഈ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയണം. മറ്റുള്ളവരെ ബലം പ്രയോഗിച്ച് തൊഴിലെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിട്ട്, സിപിഎമ്മിന്റെ തൊഴിലാളികളെല്ലാം ബാങ്കില്‍ തൊഴിലെടുക്കുകയാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്കുമാർ ആരോപിച്ചു.

എന്നാല്‍, ബാങ്ക് ജീവനക്കാരല്ല സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ എത്തിയ കമ്പ്യൂട്ടര്‍ വിദഗ്ദ്ധരാണ് ഉള്ളിലുള്ളതെന്നുമാണ് ബാങ്ക് ഭരണസമതി നല്‍കുന്ന വിശദീകരണം. ബാങ്കിന് പണിമുടക്കിനോട് അനുകൂല നിലപാടാണ്. ട്രാന്‍സാക്ഷന്‍ ഉള്‍പ്പെടെ ഇടപാടുകള്‍ ഒന്നും നടക്കുന്നില്ല. പകരം സെര്‍വര്‍ തകരാറ് പരിഹരിക്കുന്നതിനുള്ളവരാണ് എത്തിയിരിക്കുന്നതുമെന്നുമാണ് അവര്‍ നല്‍കുന്ന വിശദീകരണം.

Leave A Comment