എളവൂരിൽ കെ-റെയിലിന് അമ്പതോളം സർവേക്കല്ലിട്ടു
എളവൂർ : പ്രതിഷേധം തണുത്തുതുടങ്ങിയതോടെ പാറക്കടവ് പഞ്ചായത്തിലെ എളവൂരിൽ കെ -റെയിലിന് സർവേക്കല്ല് ഇട്ടുതുടങ്ങി. പതിനെട്ടാം വാർഡിൽ എളവൂർ സെയ്ന്റ് മേരീസ് പള്ളിപ്പരിസരത്തിന് സമീപം മുതൽ ഒരു കിലോമീറ്റർ നീളത്തിൽ ത്രിവേണി കനാൽ വരെയാണ് 50 ഓളം കല്ലുകൾ സ്ഥാപിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ പതിവുപോലെ വൻ പോലീസ് സന്നാഹത്തോടെയാണ് 20 ഉദ്യോഗസ്ഥർ കല്ലിടാൻ എത്തിയത്.
ചിലയിടങ്ങളിൽ ആളുകൾ ഒത്തുകൂടിയെങ്കിലും പോലീസിന് ഇടപെടേണ്ട വിധത്തിൽ ആരും പ്രതിഷേധിച്ചില്ല. പുരയിടം നഷ്ടപ്പെടുന്ന ചിലർ ഒറ്റപ്പെട്ട പ്രതിഷേധമുയർത്തിയെങ്കിലും അതിനെ അവഗണിച്ച് ഉദ്യോഗസ്ഥർ കല്ലിട്ടു. തിങ്കളാഴ്ച സർവേക്കായി ഉദ്യോഗസ്ഥരെത്തിയപ്പോൾ കോൺഗ്രസ് നേതാക്കളും സമരസമിതി പ്രവർത്തകരും സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. ഇവരോട് പദ്ധതി സംബന്ധിച്ച് പഠനത്തിനുള്ള സർവേ കല്ലുകളാണ് സ്ഥാപിക്കുന്നതെന്നും ഇതിന് ഹൈക്കോടതി വിധിയുണ്ടെന്നും ഇതു സംബന്ധിച്ച വിവരം പാറക്കടവ് പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
തുടർന്ന്, പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് നീക്കിയശേഷം ഉദ്യോഗസ്ഥർ കുറ്റിവെച്ച സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച സർവേക്കല്ലുകൾ സ്ഥാപിച്ചത്.
Leave A Comment