കോവിഡ് വ്യാപനം: കരുതൽ ഡോസ് വാക്സിനേഷൻ ഉൗർജിതമാക്കും
തൃശൂർ: കോവിഡ് മൂന്നാംഘട്ട വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിച്ച സാഹചര്യത്തിൽ കരുതൽ ഡോസ് വാക്സിൻ എടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ ജില്ലാ കളക്ടർ ഹരിത വി. കുമാർ നിർദേശം നൽകി. ജില്ലയിൽ 20 ശതമാനം പേർ മാത്രമേ കരുതൽ ഡോസ് എടുത്തിട്ടുള്ളൂവെന്നും കളക്ടർ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ഇ ഹെൽത്തുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച തൃശൂർ ഗവ. മെഡിക്കൽ കോളജിനെ യോഗത്തിൽ അഭിനന്ദിച്ചു. ആർദ്രം പദ്ധതി കൊറോണയ്ക്ക് മുന്‍പു നടപ്പാക്കിയതുപോലെ ഡോക്ടറുടെ സേവനം ലഭ്യമാകുന്നുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോർട്ട് ലഭ്യമാക്കണമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു.
ഡോക്ടർമാർ ഇല്ലാത്ത 13 സ്ഥാപനങ്ങളിലേക്ക് ആർദ്രം പദ്ധതി പ്രകാരം ഡോക്ടർമാരെ നിയമിക്കാൻ ജില്ലാ വികസന സമിതി മുഖേന എല്ലാ പഞ്ചായത്തുകളിലേക്കും കത്ത് അയച്ചതായി ഡിഎംഒ പറഞ്ഞു. എംഎൽഎമാരായ എൻ.കെ. അക്ബർ, കെ.കെ. രാമചന്ദ്രൻ, മുരളി പെരുനെല്ലി, റവന്യു മന്ത്രി കെ. രാജന്റെ പ്രതിനിധി ടി.ആർ. രാധാകൃഷ്ണൻ, രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി കെ. അജിത്കുമാർ, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.
Leave A Comment